134.5 കോടി കൂടി അനുവദിച്ചു
കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ ഉത്തരവായി. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്ന് ഗഡുക്കളായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ പദ്ധതിക്ക് ആവശ്യമായ അധിക തുകയായ 284.5 കോടിയും അനുവദിച്ചു.
2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് കോഴിക്കോടിന് അനുവദിച്ച 'നഗര പാതാ വികസന പദ്ധതി'യിൽ പെട്ട ഏഴ് റോഡുകളിൽ ഒന്നായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്. 52 കോടി രൂപയാണ് അന്ന് വകയിരുത്തിയത്. പദ്ധതിയിലെ ആറ് റോഡുകളും ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായെങ്കിലും മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ നീണ്ടു പോയതോടെ അധിക തുക ആവശ്യമായി വന്നു. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 60 കോടിയാണ് ഇതിനായി അനുവദിച്ചത്. 2016ൽ പിണറായി വിജയൻ സർക്കാർ വന്ന ശേഷം ബാക്കി ആവശ്യമായ മുഴുവൻ തുകയ്ക്കുമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയായിരുന്നു. ഇത് പ്രകാരം 2019ൽ 50 കോടി രൂപ അനുവദിക്കുകയും ബാക്കി തുകയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനും അധികമായി വേണമെന്ന് തിട്ടപ്പെടുത്തിയ 234.5 കോടി രൂപയ്ക്കും ഭരണാനുമതി സർക്കാർ നൽകുകയും സർക്കാറിന്റെ കാലയളവിൽത്തന്നെ മൂന്ന് ഗഡുക്കളായി ലഭ്യമാക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്തു.
അതുപ്രകാരം 2020ൽ 50 കോടിയും ഈ മാസം 11ന് 50 കോടി രൂപയും അനുവദിച്ചു. മൂന്നാമത്തെ ഗഡുവായ 134.5 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
വികസിപ്പിക്കേണ്ടത് 8.4 കിലോമീറ്റർ
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്നുവരെ 8.4 കിലോ മീറ്റർ ദൂരത്തിലാണ് റോഡ് വികസനം. തിരക്കേറിയ റോഡിൽ അപകടങ്ങളും മരണങ്ങളും പതിവായതോടെയാണ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്. ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി നിരവധി സമരങ്ങളാണ് റോഡിന് വേണ്ടി നടത്തിയിരുന്നത്.
" മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ച സംസ്ഥാന സർക്കാറിനോടും ഇക്കാര്യത്തിൽ പ്രത്യേക താല്പര്യമെടുത്തു സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു. ഈ വിഷയം സമൂഹത്തിൽ സജീവമായി നിലനിർത്താൻ ഇടപെട്ട ഡോ.എം.ജി.എസ് നാരായണൻ ഉൾപ്പെടെ പദ്ധതിയ്ക്കായുള്ള പരിശ്രമങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്" എ. പ്രദീപ്കുമാർ എം.എൽ.എ