മുക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായതോടെ മുക്കം നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് പിന്നെ നറുക്കെടുപ്പിലൂടെയായി. ഭാഗ്യനറുക്ക് വീണത് യു.ഡി.എഫിനും. ഇതോടെ എൽ ഡി എഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ആറു സ്ഥിരം സമിതി അദ്ധ്യക്ഷ പദവികളിൽ രണ്ടെണ്ണം യു.ഡി എഫിനായി. വികസനകാര്യം, വിദ്യാഭ്യാസം എന്നിവയാണ് യു.ഡി എഫിന് ലഭിച്ചത്.
അഞ്ച് അംഗങ്ങളുള്ള വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ മൂന്നു പേർ സി.പി.എം അംഗങ്ങളുണ്ടായിട്ടും ഒരു വോട്ട് അസാധുവായതാണ് വിനയായത്. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ഇ.സത്യനാരായണന്റെ വോട്ട് തന്നെയാണ് അസാധുവായി മാറിയത്. രണ്ടു സ്ഥാനാർത്ഥികൾക്കും ലഭിച്ചത് രണ്ടു വീതം വോട്ട്. അതോടെ നറുക്കെടുപ്പ് വേണ്ടി വന്നു. കോൺഗ്രസ് അംഗം എം.മധു അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ധനകാര്യം ഉൾപ്പെടെ നാലു സ്ഥിരംസമിതികളാണ് എൽ.ഡി.എഫിന് ലഭിച്ചത്. വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നിയാണ് ധനകാര്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷ. പി ജോഷില,വേണു കല്ലുരുട്ടി ,വിശ്വനാഥൻ ,എം.ടി. വേണുഗോപാലൻ,സാറ കൂടാരം എന്നിവരാണ് അംഗങ്ങൾ. നഗരസഭ മുൻ ചെയർമാൻ വി.കുഞ്ഞനാണ് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ. വസന്ത കുമാരി, കെ.ബിന്ദു , കൃഷ്ണൻ വടക്കയിൽ, ഫാത്തിമ കൊടപ്പന എന്നിവരാണ് അംഗങ്ങൾ.
പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്ര അംഗം മുഹമ്മദ് അബ്ദുൽ മജീദിനാണ്. ഈ സ്വതന്ത്രന്റെ പിന്തുണയിലാണ് ഇവിടെ എൽ.ഡി.എഫിന് ഭരണം നിലനിറുത്താനായത്. എം.വി.രജനി, വളപ്പിൽ ശിവശങ്കരൻ,രാജൻ എടോനി,അബൂബക്കർ എന്നിവരാണ് പൊതുമരാമത്ത് സമിതി അംഗങ്ങൾ. ആരോഗ്യ സ്ഥിരംസമിതിയുടെ അദ്ധ്യക്ഷസ്ഥാനം പ്രജിത പ്രദീപിനാണ്. ബിജുന മോഹനൻ, നൗഫൽ മല്ലശ്ശേരി, എം.കെ യാസർ, വസന്തകുമാരി എന്നിവരാണ് അംഗങ്ങൾ.
യു.ഡി.എഫിന് ലഭിച്ച വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മുസ്ലിം ലീഗിലെ കെ.കെ.റുബീനയാണ്. എ.കല്യാണിക്കുട്ടി,അബ്ദുൽ ഗഫൂർ,സക്കീന, എ.അബ്ദുൽ ഗഫൂർ,ബിന്നി മനോജ് എന്നിവരാണ് അംഗങ്ങൾ. വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ അശ്വതി സനൂജ്, ഇ.സത്യനാരായണൻ, അനിത,റംല ഗഫൂർ എന്നിവരാണ് അംഗങ്ങൾ. റിട്ടേണിംഗ് ഓഫിസർ ടി.ആർ മായ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.