കടലുണ്ടി:കൊവിഡ് തീർത്ത ആശങ്കകൾക്ക് വിരാമമിട്ട് എസ്.എസ്.എൽ.സി ,പ്ലസ്ടു വിദ്യാർത്ഥികൾ പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ആറുമാസത്തിലേറെയായി ഓൺലൈനിൽ മാത്രമായിരുന്ന കുട്ടികൾ അടുത്തെത്തിയപ്പോൾ ആവേശത്തോടെ ചേർത്തു നിർത്തുകയാണ് അദ്ധ്യാപകർ. കടലുണ്ടിയിലെ മണ്ണൂർ, ചാലിയം ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ കുട്ടികളുമായി ജില്ലാ പഞ്ചായത്ത് അംഗം പി.ഗവാസും സംവദിച്ചു. ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഗവാസ് പറഞ്ഞു. ഡിവിഷനിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പ്രഥമ പരിഗണന നൽകും. സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്ന മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടപെടൽ നടത്തുമെന്നും ഗവാസ് പറഞ്ഞു. ഓൺലൈനായി പഠിച്ചവയെല്ലാം ഓർത്തെടുക്കാനും സംശയ നിവാരണത്തിനും അദ്ധ്യാപകരും പിന്തുണ നൽകി. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സുഷമ, വാർഡ് അംഗം ജിത്തു കക്കാട്ട് എന്നിവരും പങ്കെടുത്തു.