news
കോഴിക്കോട് സൗത്ത് ബീച്ച് തെരുവ് നായകൾ കൈയടക്കിയ നിലയിൽ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെത്തിയാൽ കടൽ കാഴ്ചയ്ക്കൊപ്പം പട്ടിയുടെ കടി സൗജന്യമായി നേടാം. അക്രമകാരികളായ തെരുവ് നായ്ക്കൾ സംഘടിതമായി താവളമാക്കിയതാണ് സന്തോഷിക്കാനെത്തുന്ന സഞ്ചാരികളെ സങ്കടത്തിലാക്കുന്നത്. സൗത്ത് ബീച്ചിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന നിരവധി പേരാണ് നായകളുടെ ആക്രമണത്തിന് ഇതിനകം ഇരയായത്. തലങ്ങും വിലങ്ങും കുരച്ചുചാടുന്ന നായകളുടെ കടിയേൽക്കാതിരിക്കാൻ അഭ്യാസം കാട്ടേണ്ട ഗതികേടിലാണ് വഴിയാത്രക്കാർ. ബീച്ചും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായതോടെയാണ് തെരുവ് നായ്ക്കളുടെ ശല്യവും കൂടിയത്. അറവുശാലകളിൽ നിന്നും കടലിൽ നിന്ന് അടിയുന്നതുമായ മാലിന്യങ്ങൾ തിന്നാനെത്തുന്ന നായകൾ സ്ഥിരം വാസകേന്ദ്രമാക്കി പെറ്റുപെരുകുകയായിരുന്നു. ബീച്ചിലെത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും നായ ശല്യം കൂടാൻ ഇടയായി. നൂറുകണക്കിന് നായകളാണ് ബീച്ചിൽ സ്ഥിര താമസമാക്കിയിരിക്കുന്നത്. ബീച്ചിലും റോഡിലും വണ്ടികളുടെ അടിയിലുമെല്ലാം നായകളാണ്. വാഹനയാത്രക്കാർക്കും നായകൾ ശല്യക്കാരായിട്ടുണ്ട്. ഏത് സമയവും കുറുകെ ചാടാം എന്ന ബോധത്തോടെ വേണം വണ്ടിയോടിക്കാൻ. പട്ടി കുറുകെ ചാടി അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാർ നിരവധിയുണ്ട്.

കുട്ടികളുമായി സായാഹ്നം ചെലവിടാൻ നിരവധി കുടുംബങ്ങളാണ് എന്നും ബീച്ചിലെത്തുന്നത്. അച്ഛനമ്മമാരുടെ കണ്ണൊന്ന് തെറ്റിയാൽ നായകളുടെ കൂട്ടത്തിലേക്കായിരിക്കും കുട്ടി എത്തുക. ബീച്ചിൽ കളിക്കുന്ന കുട്ടികളുടെ പുറകെ നായകൾ ഓടുന്നതും പതിവാണ്.

സൗത്ത് ബീച്ചിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർ ദുർഗന്ധവും മാലിന്യവും തെരുവുനായ ശല്യവും കാരണം മനംമടുത്ത് തിരിച്ചുപോവുകയാണ്. നല്ല ടൂറിസം സാദ്ധ്യതയുള്ള ബീച്ചും പരിസരവും മലിനമാകുന്നതിനെതിരെ അധികാരികൾ നടപടി എടുത്തില്ലെങ്കിൽ സൗത്ത് ബീച്ച് സഞ്ചാരികൾ ഉപേക്ഷിക്കുന്ന കാലം വിദൂരമല്ല.