road
തൊട്ടിൽപ്പാലം ചുരം റോഡ് നാലാം വളവിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ്

കുറ്റ്യാടി: തൊട്ടിൽപ്പാലം -വയനാട് ചുരം റോഡ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു. നാലാം വളവിൽ റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമായതോടെ നടുവൊടിഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. നൂറ് കണക്കിന് വാഹനങ്ങൾ ഇടവേളകളില്ലാതെ പോകുന്ന അന്തർസംസ്ഥാന പാത നവീകരിക്കണമെന്ന ആവശ്യമുയർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് വരുന്ന കണ്ടയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സാഹസികമായാണ് പാതയിലൂടെ കടന്നുപോകുന്നത്. എതാനും വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത ഭാഗവും സമീപകാലത്ത് ടാറിംഗ് ചെയ്ത സ്ഥലവും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. റോഡിന്റെ വലത് വശത്ത് നിന്നെത്തുന്ന ഉറവജലം ഓവുചാൽ ഇല്ലാത്തതിനാൽ റോഡിൽ കെട്ടിനിൽക്കുന്നതാണ് പലയിടത്തും കുഴികൾ രൂപപെടാൻ കാരണമായത്. താത്ക്കാലിക അറ്റകുറ്റപ്പണി ചെയ്യാതെ നിശ്ചിത ദൂരത്തിൽ ഇന്റർലോക്കിട്ട് റോഡ് നവീകരിക്കണമെന്നാണ് യാത്രക്കാരുടേയും പ്രദേശവാസികളുടെയും ആവശ്യം.