കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ജനകീയ അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ബലമായോ സമ്മർദ്ദത്തിൽ പെടുത്തിയോ ഖാസിയെ ഒരു സംഘം വീട്ടിൽ നിന്ന് കൊണ്ടുപോയി കടപ്പുറത്ത് വെച്ച് കൊലപ്പെടുത്തിയെന്നാണ് കമ്മിഷന്റെ നിഗമനം.
മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ.പി.എ പൗരന്റെ അദ്ധ്യക്ഷനായുള്ള ജനകീയ അന്വേഷണ കമ്മിഷൻ രണ്ടു വർഷത്തോളം നീണ്ട പരിശോധനകൾക്കു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കോഴിക്കോട് പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ അഡ്വ. പൗരൻ കമ്മിഷൻ റിപ്പോർട്ട് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡി. സുരേന്ദ്രനാഥിന് കൈമാറി. അഡ്വ.എൽസി ജോർജ്ജ്, അഡ്വ.ടി.വി രാജേന്ദ്രൻ എന്നിവരാണ് കമ്മിഷനിലെ മറ്റു അംഗങ്ങൾ. സ്വയം ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഖാസി അബ്ദുല്ല മൗലവിയ്ക്കുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെമ്പരിക്ക കടുക്കക്കല്ല് ഭാഗത്ത് കടലോരത്ത് 2010 ഫെബ്രുവരി 15നാണ് അബ്ദുല്ല മൗലവിയുടെ മൃതദേഹം കാണപ്പെട്ടത്. 140 പള്ളികളുടെ ഖാസിയായിരുന്നു മൗലവി. ലോക്കൽ പൊലീസിനും ക്രൈം ബ്രാഞ്ചിനും പിറകെ സി.ബി.ഐ കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിൽ തന്നെ എത്തുകയായിരുന്നു. കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്ത് ഖാസിയുടെ മകൻ നൽകിയ ഹരജിയിൽ വിചാരണ തുടരുകയാണ്.
ആക്‌ഷൻ കമ്മിറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് 2019 മാർച്ച് 12നാണ് ജനകീയ അന്വേഷണ കമ്മിഷൻ പ്രവർത്തനം തുടങ്ങിയത്. ഇതിനിടയ്ത്ത് 56സാക്ഷികളിൽ നിന്ന്മൊഴി എടുത്തതിനു പുറമെ വിശദമായി തെളിവുകൾ ശേഖരിക്കുക കൂടി ചെയ്ത ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസ് ആത്മഹത്യയാണെന്ന് എഴുതിത്തള്ളാൻ ആസൂത്രിതശ്രമം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടപടിക്രമങ്ങൾ പാലിച്ചായിരുന്നില്ല. അബ്ദുല്ല മൗലവിയ്ക്ക് കണ്ണട ധരിക്കാതെ സഞ്ചരിക്കാനാവില്ല. എന്നാൽ വീട്ടിൽ നിന്നു 900 മീറ്റർ അകലെയുള്ള കടുക്കക്കല്ല് കടപ്പുറത്തേക്ക് അദ്ദേഹം ഒറ്റയ്ക്ക് പോയി എന്ന് വിശ്വസിക്കാനുമാവില്ല. രണ്ട് കണ്ണടകളിൽ ഒന്ന് വീട്ടിൽ നിന്നും മറ്റൊന്ന് കാറിന്റെ ഡാഷിൽ നിന്നുമാണ് കണ്ടെത്തിയിരുന്നത്.
ഖാസിയുടെ ദുരുഹമരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡി. സുരേന്ദ്രനാഥ് വർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.