കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി വയനാട് ജില്ലയിൽ ഇതിനകം 12,023 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. പൊതുവിഭാഗത്തിൽ 4953 വീടുകളും 6455 പട്ടികവർഗ വീടുകളും 615 പട്ടികജാതി വിഭാഗക്കാർക്കുള്ള വീടുകളുമാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയത്.
മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളിൽ 1251 വീടുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇവയിൽ 460 വീടുകൾ പട്ടികവർഗക്കാർക്കും 142 പട്ടികജാതിക്കാർക്കുമുള്ളവയാണ്.
ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികൾ നടത്താൻ ഇത് സംബന്ധിച്ച് കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
എല്ലാ നഗരസഭകളിലും ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും രാവിലെ 10 മണിക്ക് ഗുണഭോക്താക്കളുടെ സംഗമം നടത്തും. മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാൻ അവസരമൊരുക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് ഗുണഭോക്താക്കളുടെ അപേക്ഷകളും പരാതികളും സ്വീകരിക്കുന്നതിനുള്ള അദാലത്തുകളും ഇതോടൊപ്പം നടത്താൻ യോഗം തീരുമാനിച്ചു. പദ്ധതിയിൽ അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിനും ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ കണ്ടെത്താൻ ആവശ്യമായ ഇടപെടലുകൾ നടത്താനും ജില്ലാ കലക്ടർ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യർഥിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.