കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയാകുന്നത് അംഗീകരിക്കില്ലെന്ന മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലയ്ക്കലിന്റെ പ്രസ്താവന അനുചിതമാണെന്ന് നെഹ്റു ദർശൻവേദി ജില്ലാ കമ്മിറ്റി. കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർഥിയെ യു.ഡി.എഫും കോൺഗ്രസും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാനുള്ള സാധ്യത മാധ്യമങ്ങൾ വാർത്തയാക്കിയതിന് മുസ്ലിംലീഗ് പ്രാദേശിക നേതാവ് വിറളിപിടിക്കേണ്ട കാര്യമില്ല. മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുന്നുണ്ടെങ്കിൽ മുസ്ലിംലീഗും ഉൾപ്പെട്ട യു.ഡി.എഫ് തീരുമാനം അനുസരിച്ചായിരിക്കും. കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കുമെന്ന് പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ദർശൻവേദി നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് ആർ.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.കൃഷ്ണകുമാർ, സജീവൻ പി.മടക്കിമല, സീത വിജയൻ, നൗഫൽ കൈപ്പഞ്ചേരി, പി.കെ. രാജൻ, തുളസിരാജ്, പി.കെ.സുകുമാരൻ, ഒ.പി.മുഹമ്മദുകുട്ടി എന്നിവർ പ്രസംഗിച്ചു.