കൽപ്പറ്റ: വെള്ളത്തിന്റെ മാത്രമല്ല, സൗരോർജ വൈദ്യുതിയുടേയും സംഭരണ കേന്ദ്രമാണ് ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ മൺ അണ ബാണാസുര സാഗർ. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോർജ പാടത്തിലൂടെയാണ് ഈ വൈദ്യുത വിപ്ലവം.

അണക്കെട്ടിന് മുകളിൽ സൗരോർജ്ജ നിലയവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

500 കിലോ വാട്ട് ശേഷിയുള്ള ഫ്‌ളോട്ടിങ്ങ് സൗരോർജ്ജ നിലയത്തിൽ നിന്ന് 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് കഴിഞ്ഞ ഡിസംബർ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്‌ളോട്ടിങ്ങ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത്. 400 കിലോ വാട്ട് ശേഷിയുള്ള റൂഫ് ടോപ്പ് സോളാർ പ്ലാന്റിൽ നിന്ന് 99210 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. 19843 കിലോ വാട്ട്സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്.

പാരിസ്ഥിതിക ആഘാതമില്ല

പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദനമാർഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവിൽ നിന്നാണ് ഫ്‌ളോട്ടിങ്ങ് സോളാർ സ്റ്റേഷൻ എന്ന ആശയം രൂപമെടുത്തത്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായ അയജ് തോമസും വി.എം സുധീനുമാണ് ഇതിന്റെ പ്രാരംഭ സാങ്കേതിക വിദ്യ കെ.എസ്.ഇ.ബിയിൽ അവതരിപ്പിച്ചത്. 80 സെ.മി കനത്തിലുള്ള വായു നിറച്ച കോൺക്രീറ്റ് പാളികളുടെ മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇത് ജലാശയത്തിനു മുകളിൽ സ്വതന്ത്രമായി കിടക്കും.

10 കിലോവാട്ട് ശേഷിയുള്ളതായിരുന്നു ആദ്യ പ്രോജക്ട്. 500 കിലോവാട്ട് ഫ്‌ളോട്ടിങ്ങ് സൗരോർജ നിലയം 2017 ഡിസംബർ നാലിന് വൈദ്യുതി മന്ത്രി എം.എം.മണി നാടിന് സമർപ്പിച്ചു.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇന്നവേഷൻ ഫണ്ടിൽ നിന്ന് ഏഴു കോടി രൂപയും നബാർഡ് വായ്പയായി 2.25 കോടി രൂപയും ചേർത്ത് ആകെ 9. 25 കോടി രൂപയാണ് പദ്ധതി ചെലവ്.

അണക്കെട്ടിന് മുകളിലെ സൗരോർജ നിലയം

ഒഴുകുന്ന സൗരോർജ പാടത്തിനു പുറമെ 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാർ പ്രോജക്ടും ബാണാസുര സാഗറിൽ പിന്നീട് നടപ്പാക്കുകയായിരുന്നു. അണക്കെട്ടിനു മുകളിൽ വലിയ സോളാർ പന്തൽ ഒരുക്കിയാണ് വൈദ്യുതോൽപാദനം. സൂര്യപ്രകാശം ഇടതടവില്ലാതെ പതിക്കുന്ന അണക്കെട്ടിന്റെ കിഴക്കേ ഭാഗത്താണ് നീളത്തിൽ സൗരോർജ പാനലിന്റെ പന്തലൊരുക്കിയത്. സഞ്ചാരികൾക്ക് വെയിലും മഴയും കൊള്ളാതെ ഇതിനിടയിലൂടെ നടക്കാമെന്ന സൗകര്യവുമുണ്ട്. 4.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.


...................

(ചിത്രം)
1. ബാണാസുരസാഗറിലെ ഫ്‌ളോട്ടിങ് വൈദ്യുതി നിലയം
2. ബാണാസുരസാഗറിൽ അണക്കെട്ടിന് മുകളിൽ സജ്ജീകരിച്ച റൂഫ് ടോപ്പ് സൗരോർജ്ജ നിലയം