സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിൽ നഗരസൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ഫുട്പാത്ത് കൈവരികളിൽ വെച്ചുപിടിപ്പിച്ച ചെടികൾ മോഷ്ടിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേണിച്ചിറ മണൽവയൽ സ്വദേശികളായ എല്ലകൊല്ലി ശരത് (25), മാധവൻ (46), അതിരാറ്റുകുന്ന് അഭിലാഷ് (38) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഓട്ടോറിക്ഷയിൽ എത്തിയ സംഘം ചുങ്കം ഭാഗത്തെ ഫുട്പാത്ത് കൈവരിയിൽ സ്ഥാപിച്ച പൂച്ചെടിയാണ് ചട്ടിയടക്കം മോഷ്ടിച്ചത്. മോഷണം സിസിടിവിയിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്.
ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, പൊലീസുകാരായ പി.ആർ.കിഷോർ, പി.എസ്.പീയൂഷ്, പി.കെ.ചന്ദ്രൻ, അനിൽ, ആഷ്‌ലി തോമസ് എന്നിവരാണ് ചെടി മോഷ്ടാക്കളെ പിടികൂടിയത്.
വ്യാജ ദിനേശ്ബീഡി പിടികൂടി
അമ്പലവയൽ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജ ദിനേശ് ബീഡി വിൽപ്പന നടക്കുന്നതായുള്ള പരാതിയെ തുടർന്ന് നടന്ന പരിശോധനയിൽ അമ്പലവയൽ, ചുള്ളിയോട് ഭാഗങ്ങളിൽ നിന്നായി അരലക്ഷത്തോളം രൂപ വിലവരുന്ന വ്യാജബീഡികൾ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. ദിനേശ് ബീഡിയുടെ വിൽപ്പനയിൽ കുറവ് വന്നതിനെതുടർന്ന് സംഘം ചുമതലപ്പെടുത്തിയ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ ബീഡി വിൽപ്പന കണ്ടെത്തിയത്.
വ്യാജ ബീഡി വിൽപ്പന സർക്കാരിന് വൻ നികുതി നഷ്ടമുണ്ടാക്കുന്നതിന് പുറമെ ദിനേശ് ബീഡിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്. വ്യാജബീഡികൾ ജില്ലയുടെ പല ഭാഗത്തും വിറ്റഴിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ പരിശോധന സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ചെയർമാൻ എം.കെ.ദിനേഷ് സെക്രട്ടറി കെ.പ്രഭാകരൻ എന്നിവർ അറിയിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യം
സുൽത്താൻ ബത്തേരി: കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദിയുടെ നേതൃത്വത്തിൽ നടന്ന കർഷക ഐക്യദാർഢ്യസംഗമവും കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരവും കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽ ജോയി പറഞ്ഞു ഉദ്ഘാടനം ചെയ്തു.
കെ.പി.ജി.ഡി സംസ്ഥാന നിർവ്വാഹക സമിതി അംഗം കുര്യാക്കോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഹരിതവേദി ജില്ലാ കൺവിനർ ജോൺസൺ തൊഴുത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സിബിച്ചൻ കരിക്കേടം, സണ്ണി നെടുങ്കല്ലേൽ, സി.എസ്.ടോമി, ജോസ് ചെറുവള്ളിൽ, സജി തോമസ്, കെ.കെ.വേണുഗോപാലൻ, വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ--കെപി
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ നടത്തിയ സംഗമം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയി ഉദ്ഘാടനം ചെയ്യുന്നു.