പുൽപ്പള്ളി: ദേശീയ, സംസ്ഥാന കളരിപ്പയറ്റ് മത്സരങ്ങളിൽ മികവ് തെളിയിച്ച ഗോത്ര വർഗ്ഗ വിദ്യാർത്ഥിനി സി.കെ.രാജി ഇനി പൊലീസുകാരി. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സേനയിലെടുക്കുന്നതിന്റെ ഭാഗമായി പി.എസ്.സി ചെയർമാനിൽ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റിയവരിൽ ഒരാളാണ് പുൽപ്പള്ളി വാളവാങ്ങാമൂല കാട്ടുനായ്ക്ക കോളനിയിലെ സി.കെ.രാജി.
പത്ത് വയസ്സു മുതൽ പുൽപ്പള്ളി ജി ജി കളരിസംഘത്തിൽ കെ.സി.കുട്ടികൃഷ്ണൻ ഗുരുക്കളുടെ ശിഷ്യയായി രാജി പരിശീലനം നേടുന്നുണ്ട്. നിരവധി തവണ കളരിപ്പയറ്റ് മത്സരങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലാണ് ബിരുദ പഠനം നടത്തിയത്. ഇളയച്ചൻ രാജുവാണ് രാജിയെ കുട്ടിക്കാലത്ത് കളരിപ്പയറ്റിലേക്ക് കൊണ്ടുവന്നത്. കൂലിപ്പണിക്കാരായ കുഞ്ഞിമോന്റെയും മാളുവിന്റെയും മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് രാജി. സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ റിക്രൂട്ട് മെന്റാണ് ജോലി ലഭിക്കാൻ കാരണമെന്നും അതിന് കളരിപ്പയറ്റ് സഹായകമായെന്നും രാജി പറഞ്ഞു.