ക്യാമ്പ് 21 കോളനിപ്രദേശങ്ങളിൽ
ലക്ഷ്യം ജീവിതനൈപുണി വികാസം
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ ഒറ്റപ്പെടലിന്റെ മാനസിക സംഘർഷമനുഭവിക്കുന്ന ആദിവാസി, മലയോര മേഖലയിലെയും തീരദേശങ്ങളിലെയും കുട്ടികൾക്കായി കോഴിക്കോട് സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ പഞ്ചദിന ക്യാമ്പുകൾക്ക് തുടക്കമായി. നാട്ടരങ്ങ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കുട്ടികളിലെ സ്വതസിദ്ധമായ വാസനകൾ തിരിച്ചറിഞ്ഞ് വികസിപ്പിച്ചെടുക്കുന്നതിന് നാട്ടരങ്ങ് സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു. കക്കയം, അടുക്കൻമല, ചെമ്പുകടവ്, മുത്തപ്പൻപുഴ, പൊക്കുന്നുമല, പാത്തിപ്പാറ, പശുക്കടവ്, വരകുന്ന്, ചാലിയം, പയ്യാനക്കൽ, ചോമ്പാല തുടങ്ങി ജില്ലയിലെ 21 കോളനി പ്രദേശങ്ങളിലായി അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടങ്ങൾ എന്ന പേരിലാണ് നാട്ടരങ്ങുകൾ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് പഠനം ഓൺലൈൻ കേന്ദ്രിതമായപ്പോൾ ടി.വി, ടാബ്‌ലറ്റ്, കേബിൾ, സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങളില്ലാതിരുന്ന കുട്ടികൾക്കായി ഓൺലൈൻ പഠന കേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ പദ്ധതിയുടെ തുടർച്ചയെന്ന നിലയിലാണ് ഈ ക്യാമ്പ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായാണ് സമഗ്രശിക്ഷ പഞ്ചദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രകൃതി നടത്തം, പ്രതിഭകളുമായുള്ള മുഖാമുഖങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ മുതൽ ഷോർട്ട് ഫിലിം നിർമ്മാണം വരെ ഇതിന്റെ ഭാഗമായുണ്ട് ഓരോ മേഖലയിലും കുട്ടികളിൽ കൗതുകവും ജീവിതനൈപുണി വികാസവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 15 ബി.ആർ.സി പരിധികളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. അതതു പ്രദേശത്തെ ജനപ്രതിനിധികൾ, പ്രാദേശിക വിദഗ്ദ്ധർ, കലാകാരന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെയെല്ലാം കണ്ണി ചേർത്താണ് നാട്ടരങ്ങ് ക്യാമ്പുകൾ. വിവിധ ബി.ആർ.സികളിലായി നടക്കുന്ന പഞ്ചദിന ക്യാമ്പുകൾ ഫെബ്രുവരി 10നകം പൂർത്തീകരിക്കും, ബാലുശ്ശേരി ബ്ലോക്കിലെ കക്കയം ഗവ. എൽ.പി. സ്‌കൂളിൽ ഒരുക്കിയ ജില്ലാതല ഉദ്ഘാടനചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സി.പി.ഒ വി.വസീഫ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ അമ്മദ്, സിമിലി ബിജു, ഡാർലി എബ്രഹാം, ഡയറ്റ് സീനിയർ ലക്ചറർ ഡോ.അശോകൻ, പ്രധാനാദ്ധ്യാപകൻ പി.കെ.അബ്ദുൽറഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.