പദ്ധതി റോത്താന ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ
ഒന്നാംഘട്ടത്തിൽ തീവ്ര ചലനപരിമിതിക്കാർ ഉൾപ്പെടെ 60 കുട്ടികൾ
ഗ്രോ ബേഗും നടീൽവസ്തുക്കളും സൗജന്യം
കൃഷിയുടെ അടിസ്ഥാനപാഠങ്ങൾ രക്ഷിതാക്കൾക്കും പകർന്നേകുന്നു
കുറ്റ്യാടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക - മാനസിക വികാസത്തിനു വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ കുന്നുമ്മൽ ബി ആർ സി ആവിഷ്‌കരിച്ച 'വിത്തും കൈക്കോട്ടും" ജൈവകൃഷി പദ്ധതിയ്ക്ക് തുടക്കമായി. ബി ആർ സി തലത്തിലുള്ള ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓൺലൈൻ വഴി മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു.
ഹോർട്ടികൾച്ചർ തെറാപ്പിയെന്ന നിലയിലാണ് ഭിന്നശേഷിക്കാരെ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. മാനസിക ഉല്ലാസത്തോടൊപ്പം ശാരീരിക വ്യായാമവും ബുദ്ധിപരമായ വികസനവും ഉറപ്പുവരുത്തുകയാണ് ഹോർട്ടികൾച്ചർ തെറാപ്പിയുടെ ലക്ഷ്യം. കുട്ടികൾക്ക് ഇത് ഏറെ പ്രയോജനകരമാവുമെന്ന വിലയിരുത്തലാണ് രക്ഷിതാക്കളുടേതും.
ഉദ്ഘാടനച്ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.അബ്ദുൾ ഹക്കിം മുഖ്യാതിഥിയായിരുന്നു. ജില്ലാ പോഗ്രാം ഓഫീസർ ഡോ.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ബി ആർ സി ബി.പി.സി കെ.കെ സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
' ഹോർട്ടികൾച്ചർ തെറാപ്പി ഭിന്നശേഷി കുട്ടികൾക്ക് ' എന്ന വിഷയത്തിൽ വെള്ളായണി കാർഷിക കോളജിലെ ലക്ചറർ ഡോ.ബേല, 'ഹോർട്ടി കൾച്ചർ തെറാപ്പി ഹൈഡ്രോപോണിക്സിലൂടെ" എന്ന വിഷയത്തിൽ ഡോ.എസ് രാജീവ് എന്നിവർ ക്ലാസെടുത്തു.