കോഴിക്കോട്: നാല്പത് നാൾ നീളുന്ന വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും.ബേപ്പൂർ ഹെറിറ്റേജ് ഫോറത്തിന്റെ സഹകരണത്തോടെ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഘോഷം പ്രസ് ക്ളബ് ഹാളിൽ വൈകിട്ട് നാലിന് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും.

ആഘോഷത്തോടനുബന്ധിച്ച് മുപ്പതോളം ചിത്രകാരന്മാർ ഒരാഴ്ച കൊണ്ട് ബേപ്പൂർ ജങ്കാർ ജെട്ടിയോട് ചേർന്നുള്ള പോർട്ട് മതിലിൽ ചിത്രഭിത്തി ഒരുക്കും. 30ന് വൈകിട്ട് കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ മണൽശില്പം ആർട്ടിസ്റ്റ് ഗുരുകുലം ബാബു തീർക്കും.

ഫെബ്രുവരി ഒന്നിന് മലബാർ പാലസിൽഒരുക്കുന്ന സാംസ്കാരിക സമ്മേളനം മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സാഹിത്യസമ്മേളനവുമുണ്ടാവും.

ആഘോഷ പരിപാടികളുടെ ഭാഗമായി ചലച്ചിത്രോത്സവം, ചെറുകഥാ മത്സരം, ഷോർട്ട് ഫിലിം മത്സരം, ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മത്സരം എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെയർമാൻ എ.കെ പ്രശാന്ത്, ജനറൽ കൺവീനർ, പ്രദീപ് ഹുഡിനോ, കൺവീനർമാരായ കെ ആനന്ദ മണി, മുരളി ബേപ്പൂർ എന്നിവർ വാർത്താസമ്മേളനത്തിൽ

സംബന്ധിച്ചു.