കോഴിക്കോട്: ബേപ്പൂർ പുലിമുട്ട് വികസനത്തിന് വഴി തുറന്നെങ്കിലും ജങ്കാർ യാത്രക്കാർക്ക് ഇപ്പോഴും ആശ്രയം തകർന്ന് വീഴാറായ കാത്തിരിപ്പ് കേന്ദ്രം. ബേപ്പൂർ - ചാലിയം കടവുകളെ ബന്ധിപ്പിക്കുന്നതാണ് ബേപ്പൂർ ജങ്കാർ. ബസ് സൗകര്യമുണ്ടെങ്കിലും സമയലാഭവും എളുപ്പവും കണക്കിലെടുത്താണ് പലരും ജങ്കാർ യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാൽ ബേപ്പൂരിൽ ജങ്കാറിൽ കയറാനുള്ള കാത്തിരിപ്പ് കഠിനമാണ്. മഴയത്ത് നനഞ്ഞും വെയിലത്ത് പൊരിഞ്ഞും തീരുകയാണ് യാത്രക്കാർ. നാട്ടുകാർ മരവും മുളയും ഷീറ്റും കൊണ്ട് നിർമ്മിച്ച താത്കാലിക കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടെയുള്ളത്. വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ചോരാത്ത, വെയിലുകൊള്ളാത്ത ഒരു കാത്തിരുപ്പ് കേന്ദ്രം. ബസും ജങ്കാറും കാത്ത് ഒരുപാട് നേരം നിൽക്കേണ്ടിവരുന്നതിനാൽ നല്ലൊരു കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആവശ്യകതയും വലുതാണ്.
നാട്ടുകാർ സ്വന്തംനിലയിൽ പണിയുന്ന താത്കാലിക ഷെൽട്ടറിന്റെ മിനിമം ആയുസ് ആറു മാസമാണ്. മാറ്റി പണിതില്ലെങ്കിൽ കാറ്റടിച്ചാൽ നിലംപൊത്തും. പൊളിഞ്ഞ ഇരിപ്പിടങ്ങളിൽ കൂർത്ത കല്ലുകൾ ചവിട്ടിയിരിക്കുന്ന യാത്രക്കാരുടെ ദുരിത കാത്തിരിപ്പിന് പുലിമുട്ട് വികസനത്തിനൊപ്പം അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
'ആറുമാസം കൂടുമ്പോൾ നാട്ടുകാരാണ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയുന്നത്. കോൺക്രീറ്റ് ചെയ്ത നല്ലൊരു കാത്തിരിപ്പ് കേന്ദ്രമാണ് അവശ്യം'- സനൽ, ജങ്കാർ ജീവനക്കാരൻ
'പുലിമുട്ട് വികസനത്തിന്റെ ഭാഗമായി ഉടൻതന്നെ ജങ്കാറിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രവും പുതുക്കി പണിയും' - രജനി തോട്ടുങ്കൽ, കൗൺസിലർ, ബേപ്പൂർ ഡിവിഷൻ