കോഴിക്കോട്: ദുരിത യാത്രയ്ക്ക് അറുതിവരുത്താൻ ജില്ലയിലെ റോഡുകൾ നവീകരിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 11 പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ചു കോടിയ്ക്ക് മുകളിലുള്ള ആറു പ്രവൃത്തികൾ പൂർത്തീകരിച്ചു. ഭരണാനുമതി ലഭിച്ച അഞ്ച് റോഡുകളുടെ പ്രവൃത്തി ആരംഭിക്കാനിരിക്കയാണ്. ജില്ലയിലെ പ്രധാന പാതകളായ ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡിന്റെ പ്രവൃത്തി 70 ശതമാനം പൂർത്തിയായി. കുറ്റ്യാടി ടൗണിൽ നിന്ന് തുടങ്ങി പശുക്കടവ് ടൗണിൽ അവസാനിക്കുന്ന കുറ്റ്യാടി-മുള്ളൻകുന്ന്- പശുക്കടവ് റോഡ് നവീകരണം 16.7 കോടി രൂപ ചെലവിലും പേരാമ്പ്ര-താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡ് 10 കോടി രൂപ ചെലവിലും പുരോഗമിക്കുകയാണ്.
കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ച് കോടിക്ക് മുകളിൽ പ്രധാനമായും രണ്ടു പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ആറു പ്രവൃത്തികൾ പുരോഗമിക്കുന്നു. ഏഴ് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. കിഫ്ബി സഹായത്താൽ 86 കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന കൈതപ്പൊയിൽ- കോടഞ്ചേരി-അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി അവസാനഘട്ടത്തിലാണ്.
താമരശ്ശേരി വരട്ട്യാക്കൽ റോഡ് 36 കോടി രൂപ ചെലവിലും കോഴിക്കോട് മിനി ബൈപ്പാസിൽ ഈസ്റ്റ് ഹില്ലിൽ നിന്നാരംഭിച്ച് കോഴിക്കോട് ബാലുശ്ശേരി റോഡിൽ കാരപ്പറമ്പിൽ അവസാനിക്കുന്ന ഈസ്റ്റ് ഹിൽ- ഗണപതിക്കാവ് -കാരപ്പറമ്പ് റോഡ് 21 കോടി രൂപ ചെലവിലും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എൻ.എച്ച് 66ൽ കൈനാട്ടിയിൽ നിന്നാരംഭിച്ച് നാദാപുരത്ത് അവസാനിക്കുന്ന മുട്ടുങ്ങൽ-നാദാപുരം-പക്രംതളം റോഡിന്റെ പ്രവൃത്തി 41.5 കോടി രൂപയ്ക്കാണ് ഒരുങ്ങുന്നത്. ചോറോട്, ഏറാമല, എടച്ചേരി, പുറമേരി, നാദാപുരം എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റോഡ് പോകുന്നത്.