കൽപ്പറ്റ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഗവ. മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കുമെന്ന് ജില്ലാ യു.ഡി.എഫ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് കമ്മിറ്റി പരിപാടികൾ ആവിഷ്‌ക്കരിച്ചു.

വയനാട് റെയിൽപാത, വന്യമൃഗശല്യം, ചുരം ബദൽപാത, രാത്രിയാത്രാ നിരോധനം എന്നിങ്ങനെ അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വിഷയങ്ങളിൽ മുന്തിയ പരിഗണന നൽകും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി 21ന് മൂന്ന് നിയോജകമണ്ഡലങ്ങളിലും കൺവെൻഷനുകൾ നടത്തും. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിക്കും. ബൂത്തുതല യു.ഡി.എഫ് കൺവെൻഷനുകൾ 31നുള്ളിൽ പൂർത്തിയാക്കും.

ഫെബ്രുവരി മൂന്നിന് ഐശ്വര്യകേരള യാത്ര ജില്ലയിലെത്തുമ്പോൾ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ മഹാസമ്മേളനം സംഘടിപ്പിക്കും.

ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ് കൺവീനർ എൻ.ഡി.അപ്പച്ചൻ, കെ.കെ.അഹമ്മദ് ഹാജി, പി.കെ.ജയലക്ഷ്മി, കെ.വി.പോക്കർഹാജി, എം.സി.സെബാസ്റ്റ്യൻ, അബ്ദുള്ള മാടക്കര, കെ.എം.അബ്രഹാം, എൻ.എം.വിജയൻ, കെ.കെ.വിശ്വനാഥൻ, വി.എ.മജീദ്, പ്രവീൺ തങ്കപ്പൻ, യഹ്യാഖാൻ തലയ്ക്കൽ, എ.എൻ.ജവഹർ, പി.പി.അയൂബ്, പടയൻ മുഹമ്മദ്, എൻ.കെ.വർഗീസ്, പി.പി.ആലി, പി.കെ.അസ്മത്ത് എന്നിവർ സംസാരിച്ചു.


രാഹുൽഗാന്ധി 28ന് ജില്ലയിൽ
കൽപ്പറ്റ: രാഹുൽഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖർ, മതസാമുദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കർഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ അറിയിച്ചു. 27ന് രാഹുൽഗാന്ധി മണ്ഡലത്തിലെത്തും.