കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടാൻ ഐ.എൻ.എൽ തീരുമാനം. ഇതുസംബന്ധിച്ച് മുന്നണി നേതൃത്വവുമായി ചർച്ച നടത്താൻ അഞ്ചംഗ പാർലമെന്ററി ബോർഡിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗം തിരഞ്ഞെടുത്തു. ഐ.എൻ.എലിനെ എൽ.ഡി.എഫിൽ എടുത്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
കഴിഞ്ഞ തവണ കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ഐ.എൻ.എൽ മത്സരിച്ചത്. എവിടെയും ജയിക്കായില്ല. കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീമിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.സി പിന്നീട് ഐ.എൻ.എല്ലിൽ ലയിച്ചിരുന്നു. ഈ സീറ്റടക്കം അഞ്ച് മണ്ഡലങ്ങൾ വേണമെന്നമെന്നാണ് ഐ.എൻ.എലിന്റെ ആവശ്യം.
കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത് സി.പി.എം മത്സരിച്ചേക്കുമെന്ന പ്രചാരണത്തിനിടെയാണ് അഞ്ച് സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചത്.
പ്രൊഫ.എ.പി അബ്ദുൽ വഹാബ് അദ്ധ്യക്ഷനായിരുന്നു. അഖിന്ത്യോ ജന. സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർഡോ. എ.എ അമീൻ, കെ.എസ് ഫക്രുദ്ദീൻ, ബി.ഹംസ ഹാജി, എം.എ ലത്തീഫ്, എം.എം മാഹീൻ, എം.എം സുലൈമാൻ, സി.പി നാസർകോയ തങ്ങൾ, ഒ.പി കോയ, കോതൂർ മുഹമ്മദ് മാസ്റ്റർ, ഒ.ഒ ശംസുദ്ദീൻ, എ.പി മുസ്തഫ, എൻ.കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.