സുൽത്താൻ ബത്തേരി: മൂലങ്കാവിന് സമീപം കാപ്പിസ്റ്റോറിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. നിരവധി കർഷകരുടെ കാർഷിക-നാണ്യ വിളകളാണ് കാട്ടാനയുടെ താണ്ഡവത്തിൽ നശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ കാരശ്ശേരി ഭാഗത്ത് നിന്ന് ആന കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തിയത്. മണിക്കൂറുകളോളം കർഷകരുടെ കൃഷിയിടത്തിൽ തങ്ങിയ ആന കണ്ണിൽ കണ്ടെതെല്ലാം നശിപ്പിച്ചശേഷമാണ് വനത്തിലേക്ക് മടങ്ങിയത്.
വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ച ട്രെഞ്ചും ഫെൻസിംഗും തകർത്താണ് ആന ദേശീയപാത മുറിച്ച് കടന്ന് കർഷകരുടെ കൃഷിയിടത്തിലെത്തുന്നത്.
ഇന്നലെ പുലർച്ചെ പെട്രോൾ പമ്പിലെത്തിയ കാട്ടാന പമ്പിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സമീപത്തുള്ള ഇല്ലത്ത് ചന്ദ്രന്റെ കൃഷിയിടത്തിലിറങ്ങി വാഴ, ഏലം, കമുക് എന്നിവ നശിപ്പിച്ചു.
കഴിഞ്ഞ ദിവസവും കാപ്പിസ്റ്റോറിന് സമീപം അറുപത്തിനാലിലെ നായര്പടിയിലും എത്തിയ കാട്ടാന കൂട്ടം നിരവധി പേരുടെ കൃഷികൾ നശിപ്പിച്ചിരുന്നു.
അറുപത്തിനാല് കാരശ്ശേരി ഭാഗത്ത് അവശേഷിച്ച മുളകളും പൂത്തതോടെ മുളയരി തിന്നുന്നതിനാണ് ആനകൾ കൂട്ടമായി എത്തുന്നത്. ഈ ഭാഗത്ത് എത്തുന്ന ആനകൾ പച്ചപ്പ് കണ്ട് തീറ്റയും വെള്ളവും തേടി കർഷകരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങും.
വനാതിർത്തിയിലെ ട്രെഞ്ചും ഫെൻസിംഗും കാര്യക്ഷമമാക്കി കാട്ടാന ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഫോട്ടോ-- എം
കാട്ടാന കൃഷി നശിപ്പിച്ച ചന്ദ്രന്റെ കൃഷിയിടം