കോഴിക്കോട്: സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് മാറ്റിവച്ച മാവൂർ ഗ്രാമപഞ്ചായത്ത് താത്തൂർപൊയിൽ (11) വാർഡിലെ വോട്ടെടുപ്പ് ഇന്ന് നടക്കും.18 അംഗങ്ങളിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും സീറ്റുകളാണ് ഉള്ളത്. അതിനാൽ തിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്കും നിർണായകമാണ്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയാണെങ്കിൽ ഭരണം യു.ഡി.എഫിന് സ്വന്തമാകും. എൽ.ഡി.എഫിനാണ് ലഭിക്കുന്നതെങ്കിൽ ഇരു മുന്നണികൾക്കും ബലാബലമാകും.

യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് താത്തൂർപൊയിൽ. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ 179 വോട്ടിന്റെയും ബ്ളോക്ക് പഞ്ചായത്തിൽ 134 വോട്ടിന്റെയും ഭൂരിപക്ഷം ഇടത് മുന്നണിക്ക് ലഭിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത കോൺഗ്രസിലെ വാസന്തി വിജയനാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥി. ജനറൽ സീറ്റായിട്ടും വാർഡിൽ നടത്തിയ വികസനം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജനവിധി തേടുന്നത്. സി.പി.എമ്മിലെ അനിൽകുമാർ പുതുപ്പാടിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. എസ്.ഡി.പി.ഐയിലെ ഹംസയും ബി.ജെ.പിയിലെ മുകുന്ദൻ.സിയും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയായി അബ്ദുൾ റസാക്കും മത്സര രംഗത്തുണ്ട്. രണ്ട് ബൂത്തുകളിലായി 1259 വോട്ടർമാരാണുള്ളത്.വോട്ടെണ്ണൽ നാളെ രാവിലെ 8ന് ആരംഭിക്കും.