കോഴിക്കോട്: പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാതല ഹരിത ഓഡിറ്റിംഗ് ഉദ്ഘാടനം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിർവഹിച്ചു. ഹരിത ഓഡിറ്റ് പരിശോധനാ സൂചികയിലെ ചോദ്യങ്ങൾ ചോദിക്കുകയും ഓഫീസ് പരിശോധന നിർവഹിച്ചുമായിരുന്നു ഉദ്ഘാടനം.
സർക്കാർ ഓഫീസുകൾ മാലിന്യ മുക്തമാക്കി വൃത്തിയോടെയും വെടിപ്പോടും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഓഫീസുകളിലേക്ക് വരുന്ന പൊതുജനങ്ങളിലേക്ക് വൃത്തിയുടെ സന്ദേശം പകരുന്നതിന് ഈ പ്രവർത്തനം സഹായിക്കുമെന്നും കാനത്തിൽ ജമീല പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് 92 മാർക്കോടെ എ ഗ്രേഡ് ലഭിച്ചു.
താലൂക്ക് തല ഓഫീസുകളുടെ പരിശോധനയുടെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലാണ് പരിശോധന ആരംഭിച്ചത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും അവയുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകളുടെ പരിശോധനയും നടന്നുവരുന്നു. 100ൽ 90 മാർക്കിന് മുകളിൽ ലഭിക്കുന്ന ഓഫീസുകൾക്ക് എ ഗ്രേഡും 80-89 വരെ മാർക്ക് ലഭിച്ചാൽ ബി ഗ്രേഡും 70- 79 വരെ മാർക്ക് ലഭിച്ചാൽ സി ഗ്രേഡും നൽകും. 70 മാർക്കിന് താഴെ ലഭിക്കുന്നവ ഗ്രേഡ് ചെയ്യുന്നതല്ല. അവർക്ക് മറ്റൊരു അവസരം നൽകി ഗ്രേഡിംഗിൽ പങ്കെടുക്കാം. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് ഹരിത ഓഡിറ്റ് വിശദീകരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം.സുനിത, നോഡൽ ഓഫീസറായ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ അയോണ തോമസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ നാസർ ബാബു. ടി നന്ദി പറഞ്ഞു.
കുന്ദമംഗലം ബ്ലോക്കിൽ
ഹരിത ഓഡിറ്റിന് തുടക്കം
കൊടിയത്തൂർ: കുന്നമംഗലം ബ്ലോക്കിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത ഓഡിറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യദിനത്തിൽ പെരുമണ്ണ, പെരുവയൽ, മാവൂർ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും പരിശോധന പൂർത്തിയായി,
ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലുള്ള ഹരിത ഓഡിറ്റിന് ചുക്കാൻ പിടിക്കുന്നത് അഞ്ചംഗ സമിതിയാണ്. വനിതാ ക്ഷേമ ബ്ലോക്ക് എക്സറ്റൻഷൻ ഓഫീസർ എം. സുനിൽ കുമാർ, ചെറുപ്പ എം.സി.എച്ച് ഹെൽത്ത് സൂപ്പർവൈസർ പി.പി മുരളീധരൻ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ പി. എം.ധീരജ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആർ.ജിഷ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ. എ.രാജേഷ് എന്നിവരാണ് സമിതി അംഗങ്ങൾ.
സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം ഉറപ്പാക്കുന്നതിനു മുന്നോടിയായാണ് ഹരിത ഓഡിറ്റ്.
കുന്ദമംഗലം ബ്ലോക്ക് ഓഫീസ്, ബ്ലോക്കിലെ 8 ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, മുക്കം നഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് പരിശോധന.
ഗ്രീൻ പ്രോട്ടോക്കോൾ പരിശോധനാ സൂചികയിലെ ഘടകങ്ങൾക്ക് അടിസ്ഥാനത്തിലാണ് പരിശോധന. ബ്ലോക്ക് പരിശോധനാ സമിതിയ്ക്കു പുറമേ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച പരിശോധനകൾ നടത്തി വരികയാണ്. ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലും 10 ഓഫീസുകൾ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുക.
ഹരിതചട്ട പാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫീസുകളെ ഗ്രീൻ പ്രോട്ടോക്കോൾ പട്ടികയിൽ ഉൾപ്പെടുത്തുക. ഇത്തരം ഓഫീസുകളിൽ ജീവനക്കാരും സന്ദർശകരും പാലിക്കേണ്ട നിർദ്ദേശങ്ങൾ എഴുതി പ്രദർശിപ്പിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാ ഡിസ്പോസബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കും. ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്കരിച്ചാണ് ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുക.
കുന്ദമംഗലം ബ്ലോക്കിലെ 100 സർക്കാർ സ്ഥാപനങ്ങളെ ഹരിത ഓഫീസുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് പറഞ്ഞു. ഹരിത ഓഫീസുകൾക്കുള്ള സർട്ടിഫിക്കറ്റ് ജനുവരി 26 ന് കൈമാറും.