തിരുവമ്പാടി: കാത്തിരിപ്പിന് ഒടുവിൽ വിരാമമാവുകയായി. തിരുവമ്പാടി ഗവ.ഐ.ടി.ഐയ്ക്ക് പുതിയ കെട്ടിടം വൈകാതെ വരും.
നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടക്കുമെന്ന് ജോർജ് എം. തോമസ് എം എൽ എ അറിയിച്ചു.
കെട്ടിടം പണിയാൻ പാലക്കടവ് ചെമ്പ്രതായി പാറയിലെ 1. 48 ഏക്കർ റവന്യൂ ഭൂമി വ്യാവസായിക പരിശീലന വകുപ്പിന് കൈമാറിയിട്ട് രണ്ട് വർഷമാവാറായി. 6. 70 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബഹുനില കെട്ടിടത്തിന്റെ മാസ്റ്റർ പ്ളാൻ വ്യവസായ പരീശീലന വകുപ്പ് തയ്യാറാക്കിയതാണ്. 26 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ തുടങ്ങുക. 2011 ൽ ആരംഭിച്ച തിരുവമ്പാടി ഗവ. ഐ.ടി.ഐ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ്. ഒരു ഭാഗം പഞ്ചായത്ത് കെട്ടിടത്തിലും. പ്രതിമാസം 14,000 രൂപയിലേറെ വാടക ഇനത്തിൽ പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്. ഇനിയും കെട്ടിട സൗകര്യം ഒരുക്കാതിരുന്നാൽ ഐ.ടി.ഐ തിരുവമ്പാടിയിൽ നിന്ന് മാറ്റുമെന്ന് വ്യവസായ പരിശീലന വകുപ്പ് ഡയരക്ടർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.