img20210120
ആശുപത്രിയിൽ രോഗിയുടെ പരാക്രമത്തിൻ്റെ സിസിടിവി ദൃശ്യം

മുക്കം: ചികിത്സ തേടിയെത്തിയ യുവാവ് ആശുപത്രിയിൽ നടത്തിയ അക്രമത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും പരിക്ക്. മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വനിത ഡോക്ടർമാരോടും നഴ്സുമാരോടും അശ്ലീല ചുവയോടെ സംസാരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയും ചെയ്ത യുവാവ് ലക്ഷങ്ങളുടെ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമം നടത്തിയ ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കാലിന് മുറിവേറ്റത് ചികിത്സിക്കാനാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടിണ്ട്. മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ നശിപ്പിക്കുകയും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത യുവാവിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതർ മുക്കം പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.