beypore-pulimutt
ബേപ്പൂർ പുലിമുട്ട്

 ലക്ഷ്യം പാക്കേജ് ടൂറിസം

 അനുവദിച്ചത് 5. 9 കോടി

 ക്രൂയ്സ് സർവിസും വരും

കോഴിക്കോട്: കാപ്പാട് കഴിഞ്ഞാൽ വിനോദസഞ്ചാരികൾ ദുരദിക്കുകളിൽ നിന്നുപോലും ഒഴുകിയെത്തുന്ന കടലോരം... ചാലിയാർ താളംതുള്ളി അറബിക്കടലിൽ സംഗമിക്കുന്ന അഴിമുഖം... കാഴ്ചയുടെ പൂരം തീർക്കുന്ന, ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പുലിമുട്ട്... എല്ലാറ്റിനുമുപരി ലോകമെമ്പാടുമെന്നോണം നാടിന്റെ വിലാസമെത്തിച്ച ഉരുനിർമ്മാണകേന്ദ്രം... ബേപ്പൂരിന് ഇങ്ങനെ വിശേഷണച്ചാർത്തുകൾ പലതുണ്ട്.

ബേപ്പൂർ ബീച്ചിന് കൂടുതൽ ചന്തം ചാർത്താൻ ഡി.ടി.പി.സി പുലിമുട്ട് നവീകരണത്തിലേക്ക് കടക്കുകയാണ്. വികസന പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി സംസ്ഥാന സർക്കാർ 5. 9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നവീകരണം തനിമ നിലനിറുത്തി തന്നെയായിരിക്കും. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ. ഒൻപത് മാസം കൊണ്ട് നവീകരണം പൂർത്തിയാക്കും. അതോടെ ബേപ്പൂർ പുലിമുട്ടിനെ കേരളത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
ബേപ്പൂരിന്റെ തനിമ വിളിച്ചോതുന്ന തരത്തിലുള്ള മ്യൂസിയത്തിനു പുറമെ വ്യൂ പോയിന്റ്, നടപ്പാത, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ. റസ്റ്റോറന്റ് കിയോസ്കുകൾ എന്നിവ ഒരുക്കുന്നുണ്ട്. പഴയ കഫെറ്റീരിയ കെട്ടിടവും സെക്യൂരിറ്റി ഓഫീസും ശൗചാലയങ്ങളും പൊളിച്ചുമാറ്റി അർദ്ധവൃത്താകൃതിയിൽ പുതിയ സമുച്ചയം നിർമ്മിക്കും. തുറമുഖവുമായി ബന്ധപ്പെടുത്തി ക്രൂയ്സ് സർവീസിനും വാട്ടർ ടൂറിസത്തിനും പദ്ധതിയുണ്ട്.
നിർമ്മാണപ്രവൃത്തി പൂർത്തിയാവുമ്പോഴേക്കും ബേപ്പൂരിനെ പാക്കേജ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാവുമെന്ന് കരുതുന്നു. ബീച്ചിനും പുലിമുട്ടിനും പുറമെ തുറമുഖം, ഉരു നിർമ്മാണ കേന്ദ്രം, ലൈറ്റ് ഹൗസ്, പക്ഷിസങ്കേതം എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും വിശാലമായ ഈ പാക്കേജ്.

ആഭ്യന്തര ടൂറിസ്റ്റുകളെയെന്ന പോലെ വിദേശ ടൂറിസ്റ്റുകളെ കൂടി അതുവഴി കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് ഡി.ടി.പി.സി യുടേത്.