news

കോഴിക്കോട് : രാത്രിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് പെട്രോൾ ചോർത്തുന്ന അഞ്ചംഗ സംഘം പിടിയിൽ. ടൗൺ എസ്‌.ഐ കെ.ടി ബിജിത്തും സംഘവുമാണ് കുട്ടിക്കള്ളൻമാരുടെ സംഘത്തെ പിടികൂടിയത്. പിടിയിലായ അഞ്ചിൽ നാല് പേരും പ്രായപൂർത്തിയാവാത്തവരാണ്. ചേളന്നൂർ, കക്കോടി സ്വദേശികളാണ് പ്രതികൾ. പെട്രോൾ കുപ്പികളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ലിങ്ക് റോഡിന് സമീപത്തു വച്ച് ഇവർ പിടിയിലാവുന്നത്. ആഴ്ചകൾക്ക് മുമ്പ് മോഷ്ടിച്ച ബൈക്കുമായി ഇവരിൽ രണ്ടുപേർ നഗരത്തിലെത്തിയിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാതിരാത്രിയിൽ ബൈക്കുകളിൽ കറങ്ങി വീടുകളിലും കടകളുടെ പാർക്കിംഗ് ഏരിയകളിലും ആശുപത്രി വളപ്പുകളിലും നിർത്തിയിട്ട വാഹനങ്ങളിലെ പെട്രോളാണ് സംഘം ചോർത്തുന്നത്. എ.എസ്‌.ഐ ശിവദാസൻ, ജയ്‌സൺ ചാർലി എന്നിവരും എസ്‌.ഐക്കൊപ്പമുണ്ടായിരുന്നു.