ദയാപുരം: ദയാപുരം വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്ഥാപക മാർഗ ദർശികളിലൊരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി ദയാപുരത്ത് മ്യൂസിയം ഒരുങ്ങുന്നു. ആദ്യഘട്ടമായി ബഷീർ പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികളും വിവിധ പതിപ്പുകളും ഫോട്ടോകളും അടങ്ങിയ പ്രദർശനം നടക്കും.
സ്വജീവിതത്താൽ മൂല്യങ്ങൾ ഉദാഹരിച്ചയാളെന്ന നിലയ്ക്ക് ദയാപുരത്തിനു മാർഗദർശകമായി നിലകൊണ്ട ബഷീറിനോടുള്ള സ്‌നേഹാദരവാണ് മ്യൂസിയമെന്ന് ദയാപുരം സാംസ്‌കാരികകേന്ദ്രം ചെയർമാനും എഴുത്തുകാരനുമായ ഡോ. എം.എം ബഷീർ പറഞ്ഞു.
ദയാപുരം ഗീതം എഴുതിയ ഒ.എൻ.വി.കുറുപ്പിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ഒ.എൻ.വി പാർക്കിനുശേഷം കാംപസിലുണ്ടാവുന്ന രണ്ടാമത്തെ സ്മാരകമാണ് ബഷീർ മ്യൂസിയം. ബഷീറിയൻ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും രേഖകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യസമരം. കേരളീയ നവോത്ഥാനം, മലയാള സാഹിത്യത്തിലെ കൂട്ടായ്മകൾ, വിവിധ സമുദായങ്ങളിലെ പരിഷ്‌കരണവാദം, ആത്മീയ സമന്വയത്തിന്റെ ഇന്ത്യൻ പാരമ്പര്യങ്ങൾ എന്നിവയുടെ ചരിത്രപരമായ സന്ദർഭം അവതരിപ്പിക്കുന്നതിനും മ്യൂസിയം ശ്രമിക്കും. കലാകാരന്മാർ, എഴുത്തുകാർ, ഗവേഷകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം മ്യൂസിയത്തിന്റെ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കും. ഡോ. എം.എം. ബഷീർ, സി.ടി അബ്ദുറഹിം, ഡോ. എൻ.പി ആഷ്ലി തുടങ്ങിയവർ നേതൃത്വം വഹിക്കും.