കോഴിക്കോട്: വീടില്ലാത്തവർക്ക് വീടെന്ന ലൈഫ് മിഷൻ പദ്ധതിയിൽ തണലൊരുങ്ങുന്നത് 15, 886 കുടുംബങ്ങൾക്ക്. സർക്കാറിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടിട്ടും പലതരം തടസങ്ങളിൽ കുടുങ്ങി പൂർത്തീകരിക്കാൻ കഴിയാത്ത ഭവനങ്ങൾ പൂർത്തീകരിക്കുകയായിരുന്നു ലൈഫ് മിഷന്റെ ആദ്യ ലക്ഷ്യം. ഇതിനായി ജില്ലയിൽ 6641 ഗുണഭോക്താക്കളെ കണ്ടെത്തി. ഭവനങ്ങളുടെ പൂർത്തീകരണത്തിൽ സർക്കാർ ധനസഹായത്തോടൊപ്പം ജനകീയ പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് പ്രവൃത്തി മുന്നോട്ടുപോകുന്നത്. ഒന്നാംഘട്ടത്തിൽ 74.70 കോടി രൂപ ചെലവിട്ട് 6474 ഭവനങ്ങൾ പൂർത്തീകരിച്ചു. 167 ഭവനങ്ങളുടെ പൂർത്തീകരണം നിർമ്മാണ ഘട്ടത്തിലാണ്.
രണ്ടാംഘട്ടത്തിൽ 4672 കുടുംബങ്ങൾക്ക് വീടൊരുക്കി. 590 വീടുകൾ നിർമ്മാണ വഴിയിലാണ്. 94.06 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കളിൽ പിന്നീട് ഭൂമി വാങ്ങിയവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭൂമി ലഭിച്ചവരുമുണ്ട്. ഇത്തരത്തിലുള്ള 251 ഗുണഭോക്താക്കളിൽ 48 പേരുടെ ഭവനം പൂർത്തിയായി.
എസ്.സി, എസ്.ടി, ഫിഷറീസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഭവനരഹിതരായ 3258 ഗുണഭോക്താക്കളും ഭൂരഹിത, ഭവനരഹിതരിൽ ഉൾപ്പെട്ട 1853 ഗുണഭോക്താക്കളെയും എം.ഐ.എസിൽ ഡാറ്റാ എൻട്രി നടത്തി. ഇതിൽ 197 ഗുണഭോക്താക്കൾ കരാറിലേർപ്പെടുകയും 18 കുടുംബങ്ങൾ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
പി.എം.എ.വൈ അർബൻ വിഭാഗത്തിൽ 6541 ഗുണഭോക്താക്കളിൽ 6108 പേർ എഗ്രിമെന്റ് വെക്കുകയും 141.88 കോടി രൂപ ചെലവഴിച്ച് 3547 ഗുണഭോക്താക്കളുടെ ഭവനനിർമ്മാണം പൂർത്തീകരിച്ചു. പി.എം.എ.വൈ.ജി വിഭാഗത്തിൽ 1662 ഗുണഭോക്താക്കൾ എഗ്രിമന്റ് വെച്ചതിൽ 450.80 കോടി രൂപ ചെലവഴിച്ച് 1127 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
ലൈഫ് ഭവനസമുച്ചയങ്ങളും
ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് ഭവന സമുച്ചയങ്ങളും ജില്ലയിൽ ഉയരുന്നുണ്ട്. നാല് ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ നടക്കുക. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോൽകുന്ന്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കര, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മന്ദൻകാവ്, മാവൂർ ഗ്രാമപഞ്ചായത്തിലെ പൊൻപറക്കുന്ന് എന്നിവിടങ്ങളിലാണ് ഭവനസമുച്ചയം പണിയുക. ചാത്തമംഗലത്തെ ഫ്ലാറ്റിൽ 42 കുടുംബങ്ങളെയും മാവൂർ, പുതുപ്പാടി എന്നിവിടങ്ങളിൽ 44 കുടുംബങ്ങളെയും നടുവണ്ണൂരിൽ 72 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ആവശ്യമെങ്കിൽ കൂടുതൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞു.