സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ മീനങ്ങാടി പാതിരിപ്പാലത്തിന് സമീപം വെച്ച് ഓടികൊണ്ടിരുന്ന കാർ സിനിമ സ്റ്റൈലിൽ ആക്രമിച്ച് പണം കവർച് ചനടത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വരാന്തപ്പള്ളിസ്വദേശി നൊട്ടപ്പള്ളി വീട്ടിൽ സിനീഷ് (32)നെയാണ് തൃശൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ച ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് സിനീഷ്. കവർച്ചയ്ക്ക് വേണ്ടി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ഉടമകൂടിയാണ്. സംഘത്തിലെ പിടിയിലാകാനുള്ള മുഴുവൻ ആളുകളുടെയും പേരിൽ തൃശൂരിലെ വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്. സംഘത്തിലെ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 13നാണ് മൈസൂരിൽ നിന്ന് പണവുമായി കാറിൽ വരുകയായിരുന്ന കോഴിക്കോട് വാവാട് സ്വദേശികളായ കപ്പാലംകുടി ആഷിഖ് (29), സലീം എന്നിവർ ആക്രമണത്തിനിരയായത്. ഇവർ സഞ്ചരിച്ച കാറിന് കുറുകെ മിനിലോറി കയറ്റിയിട്ടായിരുന്നു കവർച്ചാ ശ്രമം. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട രണ്ട്പേരും കാർ ഉപേക്ഷിച്ച് തൊട്ടടുത്ത എസ്റ്റേറ്റിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ ഓടികൂടിയതോടെ കവർച്ചാ സംഘം വാഹനത്തിൽ കയറി സ്ഥലം വിട്ടു.
മൈസൂരിൽ നിന്ന് സ്വർണ്ണം വിറ്റ വകയിലെന്ന് പറയുന്ന 25 ലക്ഷം രൂപയുമായിട്ടായിരുന്നു ആഷിഖും സലീമും എത്തിയത്. ഈ പണം കവർച്ച നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം
മിനിലോറിയിലും രണ്ട് കാറുകളിലുമായിട്ടായിരുന്നു കവർച്ചാ സംഘം എത്തിയത്. പാതിരിപ്പാലത്ത് പുതുതായി പണിയുന്ന പാലത്തിനോട്ചേർത്ത് വണ്ടിയിട്ട് സംഘം റോഡരുകിൽ മറഞ്ഞിരിക്കുകയായിരുന്നു. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറിന് വിലങ്ങനെ ലോറിയോടിച്ച് കയറ്റി തടഞ്ഞശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകൾ തകർക്കുകയായിരുന്നു.
ഇതിനിടെ കാർ പാലത്തിനോട്ചേർന്ന് കിടക്കുന്ന റോഡിലേക്ക് ഓടിച്ച് കയറ്റി കാറിലുണ്ടായിരുന്നവർ തൊട്ടടുത്ത എസ്റ്റേറ്റിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഘത്തിലെ ബാക്കി പ്രതികൾകൂടി പിടിയാലാകുന്നതോടെ കുഴൽപ്പണമിടപാട് ഉൾപ്പെടെയുള്ള കവർച്ച ക്വട്ടേഷൻ സംഘത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു
മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ അബ്ദുൾഷെരീഫ്, എ.എസ്.ഐ ഹരീഷ്, സി.പി.ഒ മാരായ യൂനീസ്, സുനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.