wedding

വടകര: കൊവിഡ് വ്യാപനത്തിന് ഏറെ ശമനം വന്നില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവ് കൂടിയെന്ന് ആരും സമ്മതിക്കാതിരിക്കില്ല. കല്യാണത്തിന് അൻപത് പേരേ കൂടാവൂ എന്നതിനും വന്നൂ ഇളവ്. പക്ഷേ, നൂറും ഇരുനൂറും പേരിലൊന്നും നാട്ടിൻപുറത്തെ കല്യാണങ്ങൾ ഒതുക്കാനാവാത്ത സാഹചര്യത്തിൽ പലരും കടമ്പ കടക്കാൻ നാലു നാൾ ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്; പ്രത്യേകിച്ചും കടത്തനാട്ടിൽ.

പുതിയ നിബന്ധനപ്രകാരം കല്യാണച്ചടങ്ങ് തുറന്ന സ്ഥലത്തെങ്കിൽ ഇരുന്നൂറു പേരെ പങ്കെടുപ്പിക്കാമെന്നാണ്. ഹാളിലെങ്കിൽ നൂറു പേരിലൊതുക്കണം. നാട്ടിൻപുറത്തെ കല്യാണങ്ങൾ പൊതുവെ ദീർഘനാളത്തെ ഇടപാടുമായി ബന്ധപ്പെട്ട കൊടുക്കൽ വാങ്ങലിന്റെ മുഹൂർത്തം കൂടിയാണെന്നിരിക്കെ പിന്നിട്ട മാസങ്ങളിൽ പലരും ചടങ്ങ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ ആളുകൾ സാധാരണ മട്ടിൽ പുറത്തിറങ്ങാൻ തുടങ്ങിയിരിക്കെ കല്യാണങ്ങൾക്കും കൂട്ടം കുറവില്ല. ഒരേ സമയത്തെ ആൾക്കൂട്ടം ഒഴിവാക്കാൻ കല്യാണം പ്രമാണിച്ചുള്ള അതിഥിസൽക്കാരം നാലു ദിവസമായി മാറ്റിയിരിക്കുകയാണ്. വിവാഹനാളിലേക്കും തലേന്നാളത്തേക്കുമായിരുന്നു മുമ്പ് ക്ഷണിമെങ്കിൽ ഇപ്പോൾ അതിന് രണ്ടു ദിവസം കൂടുതൽ എടുക്കുകയാണ്. ചുരുക്കത്തിൽ ശരാശരി ആയിരം പേരിലെറെ കല്യാണവുമായി ബന്ധപ്പെട്ട് എത്തും.

കടുത്ത നിയന്ത്രണത്തിന്റെ കാലത്ത് കല്യാണം നീട്ടിവെക്കാൻ നിർവാഹമില്ലാതെ വന്നവരിൽ മിക്കവരും ഓൺലൈൻ പയറ്റിലേക്ക് കടന്നിരുന്നു. അങ്ങനെ കുറേയൊക്കെ ഇടപാടുകൾക്ക് വഴിയൊരുങ്ങി. അപ്പോഴും ഓൺലൈൻ മാർഗത്തിലേക്ക് തിരിയാനാവാത്ത സാധാരണക്കാർക്ക് പരീക്ഷണഘട്ടം തന്നെയായിരുന്നു. കുറച്ചായി നാലുനാൾ കല്യാണം വന്നതോടെ അത്തരക്കാർക്കും ആശ്വാസമായി.

പുതിയ പരീക്ഷണം പലയിടത്തും അതിരുവിടുന്നതായി ആക്ഷേപമുണ്ട്. എണ്ണത്തിന്റെ കാര്യത്തിൽ സർക്കാർ ഇളവു അനുവദിച്ചുവെന്നല്ലാതെ രോഗബാധിതരുടെ കണക്കിൽ കൊവിഡ് ഇളവൊന്നും നൽകിയിട്ടില്ലെന്നാണ് ആരോഗ്യപ്രവർത്തകർ ഓർമ്മിപ്പിക്കുന്നത്.