news
വെള്ളയിൽ ഹാർബറിലെ പുലമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കോഴിക്കോട്: വെള്ളയിൽ ഹാർബർ നവീകരണം അവസാനഘട്ടത്തിൽ. മിനുക്കുപണികൾ ദ്രുതഗതിയിൽ നീങ്ങുകയാണ്.

മത്സ്യമേഖലയിലെ വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ഹാർബറുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയായതോടെ വെള്ളയിൽ നവീകരണത്തിനായി 22. 5 കോടി രൂപ അനുവദിച്ചിരുന്നു. ഹാർബറിന്റെയും ഫിഷ് ലാൻഡിംഗ് സെന്ററിന്റെയും മേൽനോട്ടവും പരിപാലനച്ചുമതലയും മാനേജ്മെന്റ്‌ സൊസൈറ്റിയ്ക്കാണ്. നവീകരണ പ്രവൃത്തി കഴിയുംവേഗം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനം.

അതിനിടെ, പ്രവൃത്തികളുടെ 'അതിവേഗ"ത്തെച്ചൊല്ലി ആക്ഷേപമുയരുന്നുമുണ്ട്. പണികൾ തട്ടിക്കൂട്ടി തീർത്ത് ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ലൈറ്റ് സൗകര്യമോ നല്ലൊരു റോഡോ വെള്ളയിൽ ഹാർബറിനില്ല. കടലിൽ പോകുന്ന തൊഴിലാളികൾക്ക് കുടിക്കാൻ വെള്ളം പുറത്തു നിന്ന് കൊണ്ടുപോകേണ്ട ഗതികേടാണ്. ഇവിടേക്ക് ഇതുവരെ ശുദ്ധജലവിതരണ കണക്ഷൻ എടുത്തിട്ടില്ല. ലോറികളും ബോട്ടുകളും കഴുകി വൃത്തിയാക്കാൻ കടലിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ആ വെള്ളം കെട്ടിക്കിടക്കുന്നതും ഹാർബറിൽ തന്നെ. അഴുക്കുചാൽ പൂർണമായും പൂർത്തിയായിട്ടില്ല. പുറത്തു നിന്നുള്ളവർ ഹാർബറിനു സമീപം മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്.

കടൽ വെള്ളമടിച്ചു കയറാതിരിക്കാൻ പുലിമുട്ടിന്റെ നീളം 490 മീറ്ററെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാൽ അത് പുലിമുട്ട് 415 മീറ്ററേയുള്ളൂവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

 മാറ്റത്തിന്റെ വഴി

 പുലിമുട്ടിന്റെ നീളം കൂടുന്നതോടെ തിരമാലകളുടെ തള്ളിക്കയറ്റം കുറയും.

 ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനാവും.

 പരമ്പരാഗത മീൻ ചാപ്പകൾക്ക് പകരം 32 മുറിയുള്ള കെട്ടിടം.

 ഹാർബർ എൻജിനിയറിംഗ് ഭരണ വിഭാഗം കെട്ടിടം

 മലിനജലം ഒഴുക്കി വിടാനുള്ള സൗകര്യം; ലോറി പാർക്കിംഗ് ഏരിയ

''തട്ടിക്കൂട്ടി പണികൾ ഒപ്പിച്ചുതീർക്കാനാണ് അധികൃതരുടെ ശ്രമം. ഹാർബറിന് അത്യാവശമായ കാര്യങ്ങൾ പലതും ഇനിയും ചെയ്തിട്ടില്ല.

ഉസ്മാൻ, വ്യാപാരി.