കല്പറ്റ: ബത്തേരി പുത്തൻകുന്ന് ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവായി.സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് ബാലികയുടെ ജീവൻ നഷ്ടമായതെന്ന് കമ്മിഷൻ വിലയിരുത്തി.
കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച് രേഖാമൂലം അറിയിക്കണം.ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ അന്വേഷണം ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് റിപ്പോർട്ട് സമർപ്പിക്കണം.കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്ന് ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം. കൊവിഡ് കാരണം മെഡിക്കൽ ബോർഡ് രൂപീകരിച്ചില്ലെന്നത് വീഴ്ചയാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.