dayapuram
ദയാപുരം കാമ്പസിൽ ഒരുക്കുന്ന ബഷീർ മ്യൂസിയത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഫോട്ടോകളുടെയും പ്രദർശനം ഒരുക്കിയപ്പോൾ

ദയാപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ദയാപുരം കാമ്പസിലൊരുക്കുന്ന ബഷീർ മ്യൂസിയത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും, ഫോട്ടോകളുടെയും പ്രദർശനം സംഘടിപ്പിച്ചു. ദയാപുരം സ്‌കൂൾ പ്രിൻസിപ്പൽ പി.ജ്യോതി, കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.ടി ശ്രീവിദ്യ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് മദനൻ, ദയാപുരം പേട്രൺ സി.ടി.അബ്ദുറഹിം, ഡോ.എൻ.പി ആഷ്ലി തുടങ്ങിയവർ പങ്കെടുത്തു. ബഷീറിന്റെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും രേഖകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യസമരം. കേരളീയ നവോത്ഥാനം, മലയാളസാഹിത്യത്തിലെ കൂട്ടായ്മകൾ, വിവിധ സമുദായങ്ങളിലെ പരിഷ്‌കരണവാദം, ആത്മീയസമന്വയത്തിന്റെ ഇന്ത്യൻ പാരമ്പര്യങ്ങൾ എന്നിവയുടെ ചരിത്രപരമായ സന്ദർഭം അവതരിപ്പിക്കുന്നതിനും മ്യൂസിയം ശ്രമിക്കും.
ദയാപുരം കേന്ദ്രത്തിന്റെ സ്ഥാപകമാർഗ്ഗദർശകരിലൊരാൾകൂടിയായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം പുതുതലമുറയ്ക്ക് അടുത്തറിയാനുതകുംവിധം സ്ഥിരം സംവിധാനമായാണ് ബഷീർ മ്യൂസിയം രൂപകല്പന ചെയ്യുന്നത്. ഡോ. എം.എം.ബഷീറിന്റെ നേതൃത്വത്തിൽ കലാകാരന്മാർ, എഴുത്തുകാർ, ഗവേഷകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം മ്യൂസിയത്തിനുവേണ്ടി പ്രവർത്തിക്കും.