കൽപ്പറ്റ: ജയിലിൽ കഴിയുന്ന ഭർത്താവിന് ജാമ്യം ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ തൊണ്ടർനാട്ടുകാരിയായ യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. തലപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കണ്ണൂർ ജില്ലയിലെ ഇരിട്ടി വിളമന സ്വദേശി പാറക്കണ്ടിപറമ്പ് വീട്ടിൽ അശോകനെ (45) യാണ് ജില്ലാ പൊലീസ്‌മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ജിജേഷിന്റെ സനേതൃത്വത്തിലുള്ള സംഘം ഇന്നലെ കർണാടക കുടക് ജില്ലയിലെ വിരാജ്‌പ്പേട്ട മുറനാട്‌ബോസ്രി എന്ന സ്ഥലത്തു നിന്ന് കസറ്റഡിയിലെടുത്തത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ച് പിടിക്കുകയായിരുന്നു.
2019 മെയ് മാസം തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ തോൽപ്പെട്ടിയിൽ വെച്ച് രാത്രി വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അശോകൻ. ഈ കേസിൽ ഒന്നര വർഷത്തോളം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കഴിഞ്ഞ നവംബർ 20നാണ് യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. തലപ്പുഴപോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷാജു, സി.പി.ഒ സരിത്ത്, ജില്ല സ്‌പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐമാരായ സന്ദീപ്, അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.