അമ്പലവയൽ: കോൺക്രീറ്റ് ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അമ്പലവയൽ താറ്റിയാട്ട് സ്വദേശി മുള്ളുകൊല്ലി രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആയിരംകൊല്ലിയിലായിരുന്നു അപകടം.
അമ്പലവയൽ ആയിരംകൊല്ലി കൊളഗപ്പാറ റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്നതിനായാണ് മണ്ണ് മാറ്റിയത്. മണ്ണ് മാറ്റിയ ഭാഗത്ത് കോൺക്രീറ്റ് മതിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് ഉയരം കൂടിയ മൺതിട്ട ഇടിഞ്ഞുവീണത്. മണ്ണിനടിയിൽപ്പെട്ടുപോയ രാധാകൃഷ്ണനെ ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്ത് അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിന്‌ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: കോമളവല്ലി. മക്കൾ: ജ്യോതിലക്ഷ്മി, പ്രതീഷ്.
ഫോട്ടോ-- രാധ
രാധാകൃഷ്ണൻ