അമ്പലവയൽ: ആയിരംകൊല്ലിയിൽ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിക്കാനിടയായ സംഭവത്തിന് പിന്നിൽ റവന്യു ജിയോളജി വകുപ്പുകളുടെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നു. ഇന്നലെ കാലത്തായിരുന്നു ആയിരംകൊല്ലിയിൽ കോൺക്രിറ്റ് ഭിത്തി നിർമ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചത്.
ഒരു പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ കട്ടിംഗ് പെർമിറ്റ് കൊടുക്കുമ്പോൾ സമീപസ്ഥലത്തെ അതിരിൽ നിന്ന് രണ്ട് മീറ്റർ അകലത്തിൽ മാത്രമാണ് മണ്ണ് നീക്കാൻ അനുമതി നൽകാൻ പാടുള്ളു. എന്നാൽ ഇതു മറികടന്നാണ് ഇവിടെ മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയത്.
സമീപത്തെ വീടുകളുടെ തൊട്ടടുത്ത് വരെ മണ്ണ് നീക്കം ചെയ്തത് അപകടത്തിന് കാരണമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്തെ മണ്ണെടുത്ത് മാറ്റിയതുകൊണ്ട് പ്രദേശം അപകടാവസ്ഥയിലാണന്ന് സമീപത്തെ മൂന്ന് കുടുംബങ്ങൾ വ്യാഴാഴ്ച തന്നെ അമ്പലവയൽ വില്ലേജ് ഓഫീസിൽ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകിട്ട് വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയെങ്കിലും കർശന നടപടി സ്വീകരിച്ചില്ല. ഇതാണ് അപകടത്തിന് കാരണമായി മാറിയതെന്നാണ് ആരോപണം.
മണ്ണെടുത്ത് മാറ്റുന്നതിനായി കട്ടിംഗ് പെർമിഷന് അപേക്ഷിച്ചാൽ അധികൃതർ സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് പെർമിറ്റ് നൽകേണ്ടത്. എന്നാൽ ഇത്തരത്തിൽ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് അനുമതി നൽകിയതെന്നും ആരോപണമുണ്ട്.
അമ്പലവയൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മണ്ണെടുക്കുന്നത് ഇത്തരത്തിലാണെന്ന ആരോപണവും ഉണ്ട്.
ഫോട്ടോ--അപകടം
ആയിരംകൊല്ലിയിൽ അപകടം നടന്ന സ്ഥലം