photo
അ​ന്ത​രി​ച്ച​ ​ഡി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്ഇ.​വി​ ​ഉ​സ്മാ​ൻ​ ​കോ​യ​യ്ക്ക് എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി,​ ​കോ​ർ​പ്പേ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​‌​ർ​ ​സി.​പി​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ക്കു​ന്നു

കോഴിക്കോട്: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കോഴിക്കോട്ടെ സൗമ്യമുഖമായിരുന്നു ഇ.വി ഉസ്മാൻ കോയ. ആറു പതിറ്റാണ്ടോളം നീണ്ട പൊതുജീവിതത്തിനിടയിൽ അവസാനകാലം വരെയും സജീവമായിരുന്നു അദ്ദേഹം.

ഏറെ ഒച്ചപ്പാടുയർത്തിയ ഒരണ സമരത്തിലൂടെയാണ് വിദ്യാർത്ഥിയായിരിക്കെ ഉസ്മാൻ കോയയുടെ കടന്നുവരവ്. ഇവിടെ എം എം സ്‌കൂളിൽ പഠിക്കുന്ന കാലത്ത് 1958ലാണ് ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരണ സമരം നടന്നത്. എ കെ ആന്റണി, വയലാർ രവി, എ സി ജോസ് എന്നിവർ വിദ്യാർത്ഥികളിൽ ആവേശമായ് പടർന്ന കാലം. ആ സമരത്തിന്റെ സ്പന്ദനം കോഴിക്കോട്ടും എത്തിച്ചവരിൽ മുൻനിരയിലായി ഉസ്മാൻകോയയുമുണ്ടായിരുന്നു. പിന്നീട് 1959 ലെ വിമോചന സമരത്തിലും സജീവ പങ്കാളിയായി.
ജില്ലയിലെ കോൺഗ്രസ് നേതാക്കളായ കോഴിപ്പുറത്ത് മാധവമേനോൻ, പി പി ഉമ്മർകോയ, എ.ബാലഗോപാൽ, കെ പി കുട്ടികൃഷ്ണൻ നായർ, പുനത്തിൽ മമ്മു, പി കുമാരൻ തുടങ്ങിയവരുടെ പ്രചോദന വലയത്തിലാണ് ഉസ്മാൻകോയ കർമ്മമണ്ഡലം വ്യാപിപ്പിച്ചത്. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെയും ഇ മൊയ്തുമൗലവിയുടെയും രാഷ്ട്രീയാദർശം വഴികാട്ടിയായി.
അറുപതുകളിൽ ചെമ്മങ്ങാട് യൂണിറ്റ് കോൺഗ്രസ് പ്രസിഡന്റായി. അക്കാലത്ത് ആര്യാടൻ മുഹമ്മദ് അവിഭക്ത കോഴിക്കോട് ജില്ലയുടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു. 1969ൽ കോൺഗ്രസ് പിളർന്ന കാലത്ത് ഇംപീരിയൽ ഹോട്ടൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവിഭക്ത കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന ഡി സി സി പ്രസിഡന്റായിരുന്ന വി പി കുഞ്ഞിരാമക്കുറുപ്പും കെ കെ കുഞ്ഞിമൊയ്തീനും നിർദ്ദേശിച്ചതനുസരിച്ച് ഇംപീരിയൽ ഹോട്ടലിലെ 317-ാം നമ്പർ മുറി മൂന്നര രൂപ ദിവസ വാടകയ്ക്കെടുത്ത് പ്രവർത്തനം അവിടെ കേന്ദ്രീകരിച്ചു. ഹോട്ടലിനൊപ്പം പാർട്ടി ഓഫിസിന്റെയും ചുമതലക്കാരനും അദ്ദേഹമായിരുന്നു. പിന്നീടാണ് ഡി സി സി ഓഫിസ് വൈ എം സി എ റോഡിലേക്ക് മാറ്റിയത്.

ആന്റണിയുമായി സഹോദരബന്ധമാണ് പുലർത്തിപ്പോന്നതെന്ന് അദ്ദേഹം എപ്പോഴും അയവിറക്കുമായിരുന്നു. 1972ൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി. പിന്നീട് പദവികളിൽ നിന്നെല്ലാം മാറി നിന്നപ്പോൾ നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ജില്ലാ സേവാദൾ ചെയർമാൻ സ്ഥാനമേറ്റെടുത്തത്. കെ പി സി സി മൈനോറിറ്റി വിഭാഗത്തിന്റെ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. തുടർന്നാണ് ഡി സി സിയുടെ ഉപാദ്ധ്യക്ഷനായി നിയമിതനായത്. സീനിയർ, ജൂനിയർ വേർതിരിവില്ലാതെ എല്ലാ ഭാരവാഹികളോടും ഒരുപോലെ സ്‌നേഹത്തോടെയായിരുന്നു ഇ വി യുടെ പെരുമാറ്റം.
കുറ്റിച്ചിറ കേന്ദ്രീകരിച്ച് ഒട്ടേറെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഇ വിക്ക് സാധിച്ചു. കുറ്റിച്ചിറ ഭാവന ഉൾപ്പെടെ നിരവധി സംഘടനകളുടെ അമരത്ത് അദ്ദേഹമുണ്ടായിരുന്നു. 1979ലാണ് കാലഘട്ടത്തിലാണ് വലിയങ്ങാടി ഡിവിഷനിൽ നിന്ന് കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റിച്ചിറയിൽ ഹസ്സൻകോയ മൊല്ലയുടെ പേരിലുള്ള പാർക്ക് സ്ഥാപിക്കാൻ മുൻകയ്യെടുത്തതും ഇ വിയായിരുന്നു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്‌ജ് യാഥാർത്ഥ്യമാക്കുന്നതിലേക്ക് മുൻകൈയെടുത്ത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും ഇ വി യുണ്ടായിരുന്നു.