സുൽത്താൻ ബത്തേരി: ചന്ദനമോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടപറമ്പ് സ്വദേശികളായ കൈതകത്ത് റാഫി (40), കൊടംപാട്ടിൽ ഫായിസ് (23) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ദിവസം അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് ചന്ദനമോഷണക്കേസിലും ബത്തേരി പട്ടരുപടിയിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ടവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ബീനാച്ചിൽ ഒറ്റപ്പെട്ട സ്ഥലത്ത് ഇന്നോവ കാർ നിർത്തിയിട്ടതു കണ്ട് സംശയം തോന്നി പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറിൽ നിന്ന് മരംമുറിക്കാനുപയോഗിക്കുന്ന വലിയ വാൾ കണ്ടെടുത്തു. കാർ പൊലിസ് കസ്റ്റഡിയിലെടുത്തു.
അമ്പലവയൽ, ബത്തേരി മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചന്ദനമോഷണം നടത്തിയത് തങ്ങളാണന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് വാഹനം വാടകയ്ക്കെടുത്ത് വന്ന് രാത്രി കാലങ്ങളിൽ ചന്ദനം മുറിച്ച് കഷണങ്ങളായി കടത്തലാണ് ഇവർ ചെയ്യുന്നതെന്ന് പൊലിസ് പറഞ്ഞു.
റാഫി സുൽത്താൻ ബത്തേരി, അമ്പലവയൽ സ്റ്റേഷൻ പരിധിയിലും വനം വകുപ്പിന്റെയും ചന്ദനമോഷണം ഉൾപ്പടെ ആറ് കേസുകളിൽ പ്രതിയാണ്. ഫായിസിന്റെ പേരിൽ മലപ്പുറത്ത് വീട്ടിൽ മോഷണം നടത്തിയതിന് കേസുണ്ട്. ബത്തേരി പൊലിസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രാംജിത്ത്, പൊലിസുകാരായ ആഷ്‌ലി, പിയൂഷ്, കിഷോർ, നൗഫൽ, ബിനീഷ്, ചന്ദ്രൻ, സന്തോഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.