കോഴിക്കോട്: പട്ടിയും പൂച്ചയും മാത്രമല്ല, എലികളും ഉറ്റസുഹൃത്തുക്കളാവുമെന്ന് ഫിറോസ് ഖാൻ വ്യക്തമാക്കുന്നു. ഒന്നോ രണ്ടോ എലികളെ ചൂണ്ടിയല്ലിത്. ആയിരത്തോളം എലികളുടെ സാന്നിദ്ധ്യത്തിലാണ് ഇത് പറയുന്നത്.
കോഴിക്കോട് കുണ്ടായിത്തോടുള്ള വീട്ടിൽ ആറ് എലികളുമായി ഏഴുവർഷം മുമ്പ് തുടങ്ങിയതാണ് സഹവാസം. ഇപ്പോൾ വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് 1000 ത്തോളംവരുന്ന 'മൂഷിക വംശം'. 25 വർഷമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയും അലങ്കാര മത്സ്യങ്ങളെയും പരിപാലിക്കുന്ന ഫിറോസ് അവയ്ക്കുള്ള ഭക്ഷണത്തിനായാണ് എലികളെ വളർത്തിത്തുടങ്ങിയത്. ഓടിയും ചാടിയും ഒളിച്ചും എലികൾ വീട്ടിനകത്ത് നിറഞ്ഞപ്പോൾ എലികളോട് എന്തെന്നില്ലാത്ത ഇഷ്ടമായി. വളർത്തുമൃഗങ്ങൾക്കുവേണ്ടിയുള്ള എലികൾക്കു പുറമേ, അലങ്കാരത്തിന് വളർത്തുന്നവയും കൂട്ടത്തിലുണ്ട്.
എലികളെക്കുറിച്ച് പഠിച്ചിട്ടല്ല വളർത്താൻ തുടങ്ങിയത്. ഏഴു വർഷമായിട്ടും ഒരു എലിക്കും രോഗം വന്നിട്ടില്ല. എലികൾ തമ്മിലുള്ള കടിപിടിയിൽ പറ്റുന്ന പരിക്കല്ലാതെ മറ്റൊന്നും പറ്റാറില്ല. പരിക്കേൽക്കുന്ന എലികളെ പ്രത്യേക നിരീക്ഷണത്തിലാക്കും, പരിചരണം നൽകും. വളർത്തുന്നതിനും മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാനും എലികളെ വാങ്ങാൻ നിരവധിപേരാണ് ഫിറോസിനെ തേടിയെത്തുന്നത്. ഭാര്യ ജസീലയും മക്കൾ ഷാഹുൽ ഖാനും ഷഹബാസ് ഖാനും സഹോദരൻ യൂസഫലിയും പിന്തുണയുമായി ഫിറോസിനൊപ്പമുണ്ട്. നേരത്തെ പുഴുവിനെ ഭക്ഷിച്ച് ഫിറോസ് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.
പ്രത്യേക ശ്രദ്ധ
കുഞ്ഞുങ്ങൾക്കും ഗർഭിണികളായ എലികൾക്കും പ്രത്യേക പരിചരണമാണ്. എലികളുടെ കൂടുണ്ടാക്കുന്നതും ഫിറോസ് തന്നെ. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഭക്ഷണം. എട്ട് നിറത്തിലുള്ള എലികളുണ്ട് ഫിറോസിന്റെ വളർത്തു കൂട്ടിൽ.
'എന്തെങ്കിലും വിഷമം വരുമ്പോൾ ഞാൻ ഇവയുടെ മുന്നിലെത്തും. ഇവയുടെ ഓടിക്കളി കാണുമ്പോൾ മനസ് തണുക്കും''.
-ഫിറോസ് ഖാൻ