poli

കോഴിക്കോട് : എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും മുന്നണിയിൽ എത്തിയതോടെ ജില്ലയിലെ സീറ്റ് വീതംവെപ്പിനെ ചൊല്ലി എൽ.ഡി.എഫിൽ പ്രതിസന്ധി മുറുകുമ്പോൾ മുന്നണി വിട്ട പാർട്ടികളുടെ ഒഴിവ് വന്ന സീറ്റുകളെ ചൊല്ലി യു.ഡി.എഫിലും പോര് കനത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തത് എൽ.ഡി.എഫിൽ എത്തിയ എൽ.ജെ.ഡിയ്ക്കും കേരള കോൺഗ്രസ് എമ്മിനും തിരിച്ചടിയാകും. യു.ഡി.എഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും സീറ്റ് നിർണയത്തിൽ നഷ്ടമുണ്ടാകും. പാർട്ടിക്കുള്ളിലെ പോരാണ് എൻ.സി.പിയ്ക്കും ജനതാദൾ എസിനും പ്രതിസന്ധിയാകുന്നത്. സി.പി.ഐ ജില്ലയിൽ ഒരു സീറ്റിൽ മത്രം മത്സരിക്കുമ്പോൾ ഐ.എൻ.എല്ലിന്റെ രണ്ട് സീറ്റ് വാദം പരിഗണിക്കില്ല.

എൽ.ജെ.ഡി എൽ.ഡി.എഫിലേക്ക് എത്തുമ്പോൾ വടകരയിലെ വൻ മുന്നേറ്റം മുന്നണി ലക്ഷ്യം കണ്ടിരുന്നു. എന്നാൽ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എൽ.ജെ.ഡിയ്ക്ക് സാധിച്ചിട്ടില്ല. യു.ഡി.എഫിൽ ആയിരിക്കുമ്പോൾ വടകര, എലത്തൂർ സീറ്റുകളിൽ മത്സരിച്ച എൽ.ജെ.ഡിയ്ക്ക് എൽ.ഡി.എഫിൽ ഒരു സീറ്റ് മാത്രമേ ലഭിക്കാൻ സാദ്ധ്യതയുള്ളൂ. എൽ.ഡി.എഫിൽ നിന്ന് വിട്ട ശേഷം ഒരു സീറ്റ് പോലും വിജയിക്കാൻ എൽ.ജെ.ഡിയ്ക്ക് സാധിച്ചിരുന്നില്ല. സ്ഥിരമായി വിജയിക്കുന്ന വടകര എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കുന്നിൽ ജനതാദൾ എസിൽ മുറുമുറുപ്പുണ്ട്.

വലിയ പ്രതീക്ഷയോടെയാണ് കേരള കോൺഗ്രസ് എം തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ജില്ലാ പഞ്ചായത്തിലുൾപ്പെടെ സീറ്റ് ലഭിച്ചിട്ടും കാര്യമായ വിജയം നേടാൻ ജോസ് കെ മാണിയുടെ പാർട്ടിക്ക് സാധിച്ചില്ല. മലയോരത്തെ പരമ്പരാഗത യു.ഡി.എഫ് കോട്ടകളിൽ വിള്ളൽ വീഴ്തുത്താമെന്ന എൽ.ഡി.എഫിന്റെ കണക്കു കൂട്ടലും തെറ്റിച്ചു. ഇതോടെ ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യം മുന്നണി പരിഗണിക്കാനിടയില്ല. യു.ഡി.എഫിൽ ആയിരുന്നപ്പോൾ പേരാമ്പ്രയിലായിരുന്നു കേരള കോൺഗ്രസ് എം മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ മന്ത്രി ടി.പി. രാമകൃഷ്ണനെതിരെ മികച്ച പ്രകടനം അവർ കാഴ്ചവെച്ചിരുന്നു. തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിറ്റിംഗ് സീറ്റ് സി.പി.എം വിട്ടുകൊടുക്കില്ല.

പേരാമ്പ്രയോ തിരുവമ്പാടിയോ വേണമെന്നാണ് ജോസഫ് പക്ഷം യു.ഡി.എഫിനോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് യു.ഡി.എഫ് തയ്യാറല്ല. ഇരു സീറ്റുകളിലും മുസ്ലിം ലീഗ് മത്സരിച്ചേക്കും. തിരുവമ്പാടിയിൽ കോൺഗ്രസും താത്പര്യം അറിയിച്ചിട്ടുണ്ട്.

പാർട്ടിയിലെ പോരാണ് എൻ.സി.പിയുടെ സിറ്റിംഗ് സീറ്റിൽ ഇളക്കം തട്ടാൻ കാരണം. മന്ത്രി എ.കെ. ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടർന്നാലും എലത്തൂർ സീറ്റ് എൻ.സി.പിയ്ക്ക് നൽകിയേക്കില്ല. ജില്ലയിലെ ഏറ്റവും ശക്തമായ മണ്ഡലം സി.പി.എം ഏറ്റെടുത്തേക്കും. ജില്ലാ സെക്രട്ടിറി പി. മോഹനനെ മത്സരിപ്പിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എലത്തൂർ ലഭിച്ചില്ലെങ്കിൽ പകരം മറ്റൊരു സീറ്റെങ്കിലും വേണമെന്ന ആവശ്യമാണ് എൻ.സി.പി ഉയർത്തുന്നത്. ജില്ലയിൽ കുന്ദമംഗലവും കോഴിക്കോട് സൗത്തും ഐ.എൻ.എൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു സീറ്റ് മാത്രമേ നൽകൂ.

എൻ.ഡി.എയിൽ കോഴിക്കോട് സൗത്ത് ബി.ഡി.ജെ.എസിന് നൽകേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനം. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണനെയോ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവനെയോ മത്സരിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.