കൽപ്പറ്റ: വയനാടിന്റെ എല്ലാ വികസനപദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുകയാണെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്. ഗവ. മെഡിക്കൽ കോളജിന് അനുയോജ്യമായ സ്ഥലം ബോയ്സ് ടൗണിലാണ് കണ്ടെത്തിയിരിക്കുന്നത്. ബോയ്സ് ടൗണിൽ നിന്ന് കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയിലേക്ക് നാലു കിലോമീറ്റർ ദൂരമേയുള്ളൂ. 15 മിനിറ്റ് കൊണ്ട് കൊട്ടിയൂരിൽ എത്താം. പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും അര മണിക്കൂർ കൊണ്ട് ബോയ്സ് ടൗൺ മെഡിക്കൽ കോളജിലെത്താം. ആരോഗ്യമന്ത്രി പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നു എന്നും കേൾക്കുന്നു.
വയനാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇതിലും എളുപ്പത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താം.
നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽപാത എല്ലാ അനുമതികളും ലഭിച്ച ശേഷമാണ് തലശ്ശേരി മൈസൂർ പാതക്ക് വേണ്ടി അട്ടിമറിച്ചത്. രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കുട്ട ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് കുടക് വഴി മൈസൂരിലേക്കുള്ള ഒരു ദേശീയപാതയ്ക്ക് വേണ്ടിയായിരുന്നു ഇത്. പുതുതായി അനുവദിച്ച റൂസ്സ കോളജിനും സ്ഥലം കണ്ടെത്തിയത് കണ്ണൂർ ജില്ലയുടെ അതിർത്തിയിലാണ്.
വയനാടിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റുന്ന സ്ഥലം കൽപ്പറ്റയ്ക്കും മീനങ്ങാടിക്കും ഇടയിലാണ്. ഇതാനായി 20 ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങാൻ നിർദ്ദേശിക്കുകയാണ് വേണ്ടതെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഡയറക്ടർ അഡ്വ. ടി.എം.റഷീദ് എന്നിവർ പറഞ്ഞു.