മാനന്തവാടി: കണ്ടത്തുവയൽ ഇരട്ടക്കൊലപാതകക്കേസിൽ ജില്ലാ കോടതിയിൽ കൂടുതൽ സാക്ഷികളെ വിസ്തരിച്ചു. കൊലചെയ്യാനുപയോഗിച്ച ആയുധം കണ്ടെടുത്തതിന്റെ സാക്ഷിയെയും മഹസർ സാക്ഷിയെയും കൊല്ലപ്പെട്ട ഫാത്തിമയുടെ ബന്ധുക്കളെയെുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രോസിക്യൂഷൻ തെളിവിലേക്കായി കോടതി വിസ്തരിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ മൊബൈൽഫോണും മറ്റ് വസ്തുക്കളും സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ ആയുധം പൊതിഞ്ഞ തലയണയും ഫാത്തിമയുടെ ബാഗും ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിചാരണ ഇന്നും തുടരും. 72 സാക്ഷികളുള്ള കേസിൽ 21 വരെയുള്ള സാക്ഷികളെയാണ് വിസ്താരത്തിനായി കോടതിയിലേക്ക് വിളിപ്പിച്ചത്. സംഭവത്തിൽ ജാമ്യം ലഭിക്കാതെ കണ്ണൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി തൊട്ടിൽപ്പാലം സ്വദേശി കലുങ്ങോട്ടുമ്മൽ മരുതോറയിൽ വിശ്വൻ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.

പ്രതിക്ക് നിയമ സഹായം നൽകാൻ സർക്കാർ നിയോഗിച്ച അഡ്വക്കറ്റ് ഷൈജു മാണിശ്ശേരിയും പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജോസഫ് മാത്യുവുമാണ് കോടതിയിൽ ഹാജരാവുന്നത്.