കോഴിക്കോട്: കൊവിഡ് വാക്സിന്റെ പേരിൽ വരുന്ന കോളുകളുടെയും സന്ദേശങ്ങളുടെയും സത്യമറിയാതെ പിറകെ പോയാൽ തട്ടിപ്പിനിരയാകാൻ സാദ്ധ്യത. ബംഗളൂരുവിലെ വൃദ്ധ ദമ്പതികൾക്ക് വാക്സിൽ കോളിൽ നഷ്ടമായത് 3.72 ലക്ഷം രൂപ. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകാൻ തുടങ്ങിയപ്പോൾ വൃദ്ധ ദമ്പതികളുടെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. സീനിയർ സിറ്റിസൺ പരിഗണനയിൽ നിങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ തിരഞ്ഞെടുത്തിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം. നന്ദി അറിയിച്ചപ്പോൾ രജിസ്റ്ററിൽ ചേർക്കാൻ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും നമ്പർ വേണമെന്ന് അറിയിച്ചു. നമ്പറുകൾ നൽകി കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു ഫോൺ കോൾ ലഭിച്ചു. നിങ്ങൾ കൊവിഡ് വാക്സിൻ റെഡിയായിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഒരു ഒ.ടി.പി നമ്പർ വരും. അത് നൽകിയാൽ നിങ്ങളുടെ കൊവിഡ് വിതരണ കേന്ദ്രം അറിയിക്കാമെന്നായിരുന്നു സന്ദേശം. മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി നമ്പർ കൈമാറുകയും ചെയ്തു. രണ്ട് മണിക്കൂർ കഴിയുന്നതിന് മുമ്പ് മറ്റൊരു മെസേജ് വന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.72 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ടാന്നായിരുന്നു സന്ദേശം. സംസ്ഥാനത്തും ഇത്തരം തട്ടിപ്പുകൾക്ക് സാദ്ധ്യതയുള്ളതിനാൽ ആധാർ, പാൻകാർഡ് നമ്പറുകൾ നൽകുന്നതിൽ ജാഗ്രത കാട്ടിയേതീരൂ.