അമ്പലവയൽ: വീട്ടിൽ നിന്ന് പണവും സ്വർണ്ണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോമാട്ടുചാൽ അമ്പാടി വീട്ടിൽ രവീന്ദ്രന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 2800 രൂപയും, രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണവും, വാച്ചും ഒരു മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ കോയമ്പത്തൂർ മേട്ടുപ്പാളയം ആളാംകൊമ്പ് സ്വദേശിയായ വിജയൻ എന്ന കുട്ടിവിജയനെ (46) യാണ് ഇന്നലെ മേട്ടുപാളയത്തിൽ നിന്ന് കസറ്റഡിയിലെടുത്തത്.
കഴിഞ്ഞ 17നും 19നുമിടയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്.
പ്രതി മേട്ടുപ്പാളയത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലവയൽ പൊലീസ് ഇൻസ്‌പെക്ടർ എലിസബത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസറ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഇയാൾ അമ്പലവയലിലെ പുതുകാട് കോളനിയിലാണ് മുമ്പ് താമസിച്ചിരുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനുമാറ്റുമായി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂട്ട് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എസ്.ഐ. അനൂപ് എസ്.സി.പി.ഒ മാരായ ഷാജഹാൻ, രവി, എൽദോ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.