മുക്കo:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനാഘോഷവും ബി.പി മൊയ്തീന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വീരപുരസ്കാര സമർപ്പണവും സേവാ മന്ദിർ ഹാളിൽ നടന്നു. ബി.പി മൊയ്തീൻ സേവാമന്ദിറും ലൈബ്രറിയും സംയുക്തമായി നടത്തിയ പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്കുള്ള ബി.പി മൊയ്തീൻ വീരപുരസ്കാരവും ചെയർമാൻ സമർപ്പിച്ചു. മടവൂർ സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ എം.ടി ഇർഫാൻ അലി പുരസ്കാരം ഏറ്റുവാങ്ങി. പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കാരശേരി ബാങ്ക് പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ നേതാജിയെയും എം.അശോകൻ ബി.പി. മൊയ്തീനെയും അനുസ്മരിച്ച് പ്രഭാഷണം നടത്തി. ബി.പി മൊയ്തീൻ ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.എ സൗദ ടീച്ചറെ ആദരിച്ചു അഡ്വ. ആനന്ദകനകം, എം.സുകുമാരൻ, ബി.അലിഹസൻ, വയലാർ വിനോദ്,എ എം ജമീല, പ്രഭാകരൻ മുക്കം, എ സി.നിസാർ ബാബു, ഡോ.ബേബി ഷക്കീല എന്നിവർ പ്രസംഗിച്ചു.