സുൽത്താൻ ബത്തേരി: വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരിയുടെ വികസന വാട്സപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിൽസാ സൗകര്യം ലഭ്യമാക്കുക എന്നതാണ്.
ചികിൽസതേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആംബുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം. വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട് ചേർന്ന് മെഡിക്കൽ കോളേജ് വന്നാൽ വയനാട്ടുകാർക്ക് യാതൊരു ഉപകാരവുമുണ്ടാവില്ല. വയനാട്ടിലെ ആശുപത്രികളിൽ എത്തുന്ന വലിയൊരു ശതമാനവും തമിഴ്നാട്ടിലെ നിലഗിരി ജില്ലയിൽ നിന്നുള്ളവരാണ്. അവർക്കും ബഹുഭൂരിഭാഗം വയനാട്ടുകാർക്കും നിർദ്ദിഷ്ട പ്രദേശത്തെക്കാൾ സൗകര്യം കോഴിക്കോട് തന്നെയാണ്.
വയനാടിന്റെ മധ്യഭാഗത്തായിട്ടുള്ള കൽപ്പറ്റ, മീനങ്ങാടി, പനമരം തുടങ്ങിയ പ്രദേശങ്ങൾക്കിടയിൽ ധാരാളം ഭൂമി ലഭ്യമാകുമെന്നിരിക്കെ വടക്കെയറ്റത്ത് തന്നെ അനുയോജ്യ സ്ഥലം നിർണ്ണയിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ദുരൂഹമാണ്. ജില്ലയുടെ വടക്കെയറ്റത്ത് കണ്ണുർ ജില്ലയോട് ചേർന്ന് ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് ആശുപത്രി വന്നാൽ കണ്ണൂർ ജില്ലക്കാർക്ക് മാത്രമെ ഗുണകരമാകു.
സ്ഥല നിർണയത്തിനെതിരെ ആശുപത്രി വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും എം.എൽ.എ മാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും രംഗത്തിറങ്ങണമെന്നും ഉദ്യോഗസ്ഥ കണ്ടെത്തലുകളിലെ ജനാധിപത്യ വിരുദ്ധത സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും കൂട്ടായ്മ അവശ്യപ്പെട്ടു.
കണ്ണൂർ അതിർത്തിയിലേക്ക്
മാറ്റാൻ ഗൂഢാലോചന: ചേംബർ
കൽപ്പറ്റ: വയനാടിന്റെ എല്ലാ വികസനപദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുകയാണെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്. ഗവ. മെഡിക്കൽ കോളജിന് അനുയോജ്യമായ സ്ഥലം ബോയ്സ് ടൗണിലാണ് കണ്ടെത്തിയിരിക്കുന്നത്. ബോയ്സ് ടൗണിൽ നിന്ന് കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയിലേക്ക് നാലു കിലോമീറ്റർ ദൂരമേയുള്ളൂ. 15 മിനിറ്റ് കൊണ്ട് കൊട്ടിയൂരിൽ എത്താം.
പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും അര മണിക്കൂർ കൊണ്ട് ബോയ്സ് ടൗൺ മെഡിക്കൽ കോളജിലെത്താം. ആരോഗ്യമന്ത്രി പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നു എന്നും കേൾക്കുന്നു.
വയനാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇതിലും എളുപ്പത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താം.
നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽപാത എല്ലാ അനുമതികളും ലഭിച്ച ശേഷമാണ് തലശ്ശേരി മൈസൂർ പാതക്ക് വേണ്ടി അട്ടിമറിച്ചത്. രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കുട്ട ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് കുടക് വഴി മൈസൂരിലേക്കുള്ള ഒരു ദേശീയപാതയ്ക്ക് വേണ്ടിയായിരുന്നു ഇത്. പുതുതായി അനുവദിച്ച റൂസ്സ കോളജിനും സ്ഥലം കണ്ടെത്തിയത് കണ്ണൂർ ജില്ലയുടെ അതിർത്തിയിലാണ്.
വയനാടിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റുന്ന സ്ഥലം കൽപ്പറ്റയ്ക്കും മീനങ്ങാടിക്കും ഇടയിലാണ്. ഇതാനായി 20 ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങാൻ നിർദ്ദേശിക്കുകയാണ് വേണ്ടതെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഡയറക്ടർ അഡ്വ. ടി.എം.റഷീദ് എന്നിവർ പറഞ്ഞു.