mayil

കൽപ്പറ്റ: വളർത്തമ്മയേക്കാൾ വലുതായിട്ടും അടുത്ത് നിന്ന് മാറാതെ എപ്പോഴും അമ്മയോട് ഒട്ടി നടക്കുന്ന ഒരു മകളും കരുതലായ് കൂടെത്തന്നെ നിൽക്കുന്ന ഒരമ്മയും. കഴുത്തിൽ തൂവലുകളില്ലാത്ത ഒരു കോഴിയാണ് അമ്മ; ഒരു വയസ്സിനോടടുക്കുന്ന പെൺമയിൽ മകളും. വനത്തിനോട് ചേർന്ന് താമസിക്കുന്ന കൊത്തിപ്പറമ്പിൽ ഗോപിനാഥനും ഭാര്യ സുജിനിക്കും കഴിഞ്ഞ മെയ് മാസത്തിലാണ് പറമ്പിലെ കാട് വെട്ടുന്നതിനിടയിൽ നാല് മയിൽ മുട്ടകൾ കിട്ടിയത്. മുട്ടകൾ വീട്ടിലെ പൊരുന്ന കോഴിക്ക് വിരിയിപ്പിക്കാൻ വച്ചു. തള്ളക്കോഴി പകർന്ന ചൂടിൽ ഇരുപത്തെട്ടാം ദിവസം നാല് മയിൽക്കുഞ്ഞുങ്ങൾ പിറന്നു. പോറ്റമ്മയായയല്ല പെറ്റമ്മയായ് തന്നെ അമ്മക്കോഴി മയിൽക്കുഞ്ഞുങ്ങളെ വളർത്തി. പരുന്തും പാമ്പും കൊണ്ട് പോകാതെ ചിറകുകൾക്കടിയിൽ അവരെ ചേർത്ത് നിർത്തി. എങ്കിലും കണ്ണൊന്ന് തെറ്റിയ നേരത്ത് മക്കളിൽ മൂന്ന് പേരെ പലപ്പോഴായി നഷ്ടമായി. അവശേഷിയ്ക്കുന്ന പെൺമയിൽ സദാസമയവും കോഴിയമ്മയുടെ കൂടെയാണ്. നേരമിരുട്ടുമ്പോൾ കോഴി കൂട്ടിൽ കയറിയാൽ മയിൽ തൊട്ടടുത്ത മാവിന്റെ മുകളിൽ കയറിയിരിക്കും. രാവിലെ ഉണർന്നാൽ ചിക്കുന്നതും ചികയുന്നതുമെല്ലാം ഇരുവരും ഒരുമിച്ചാണ്. .