കൽപ്പറ്റ: വയനാട് ജില്ലയിൽ അഞ്ചുവർഷത്തിനുള്ളിൽ വിതരണം ചെയ്തത് 2923 പട്ടയങ്ങൾ. ആദിവാസികളുടേതുൾപ്പെടെ നിരവധി കുടുബങ്ങൾ ഇതോടെ ഭൂമിയുടെ അവകാശികളായി.
ആറ് പട്ടയമേളകളാണ് അഞ്ചു വർഷത്തിനിടെ നടന്നത്. നേരിട്ടുള്ള അപേക്ഷകൾ കൂടാതെ പ്രത്യേക അദലാത്തുകൾ വഴിയും പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. റവന്യു വകുപ്പിന് കിട്ടിയ അപേക്ഷകളിൽ താലൂക്ക്, വില്ലേജ് ഓഫീസുകൾ വഴി അന്വേഷണം പൂർത്തിയാക്കി പട്ടയമേളകൾക്കായി തയ്യാറാക്കുകയായിരുന്നു. ലാൻഡ് ട്രിബൂണൽ പട്ടയങ്ങളാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്തത്. 1572 കുടുംബങ്ങളാണ് എൽ.ടി പട്ടയം കിട്ടിയതോടെ ഭൂമിയുടെ അവകാശികളായത്. പട്ടിക വർഗ്ഗക്കാർക്കുള്ള കൈവശരേഖ (557), 2006 ലെ വനാവകാശ നിയമപ്രകാരം പട്ടിക വർഗ്ഗക്കാർക്കുള്ള പട്ടയം (80), എൽ.എ പട്ടയം (363), ലക്ഷം വീട് പട്ടയം (45), മിച്ചഭൂമി പട്ടയം (19), ദേവസ്വം പട്ടയം (143), കൈവശരേഖ (85), ഭൂരഹിതരില്ലാത്ത കേരളം (59) എന്നീ പട്ടയങ്ങളാണ് ഇതുവരെ ജില്ലയിൽ വിതരണം നടത്തിയത്. വനാവകാശ നിയമ പ്രകാരം വിതരണം ചെയ്ത ഭൂമിയുടെ പട്ടയം ലഭിച്ചതോടെ ആദിവാസി കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്നവും നിറവേറുകയാണ്. ജില്ലയിൽ പുതിയ 250 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 100 എൽ.ടി പട്ടയം, 15 ദേവസ്വം, 6 എൽ.എ, സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ച നിക്ഷിപ്ത വനഭൂമിയുടെ കൈവശ രേഖ (70) എന്നിങ്ങനെയാണ് വിതരണത്തിനായി ഒരുങ്ങുന്നത്.