കോഴിക്കോട്: പതിറ്റാണ്ടുകളായി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ സത്രം കോളനിയിൽ താമസിക്കുന്ന ശുചീകരണ തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 21 കുടുംബങ്ങളെ കുടിയിറക്കാനുള്ള കോർപ്പറേഷൻ നീക്കം പുനഃപരിശോധിക്കണമെന്ന് പട്ടികജാതി-വർഗ സംരക്ഷണ സമിതി നോർത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി-വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, നോർത്ത് മേഖലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സത്രം കോളനി സന്ദർശിച്ചു.

മതിയായ താമസ സംവിധാനങ്ങളും സംരക്ഷണവും നൽകാതെ ഇറക്കി വിടുന്നത് നീതികേടും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും സമിതി നേതാക്കൾ ആരോപിച്ചു.

കോളനിയിൽ സ്ഥിതി ചെയ്യുന്ന തിരുമുറ്റത്ത് കളിയാർ ദേവി നാഗകാളി ക്ഷേത്രം ഉൾപ്പെടെ കോളനിവാസികളുടെ ആചാര വിശ്വാസങ്ങൾ സംരക്ഷിച്ച് നഗര പരിധിയിൽ സ്ഥലവും വീടും നൽകി കോളനിവാസികളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ്, വൈദ്യുതി, വെള്ളക്കരം തുടങ്ങി ഒട്ടേറെ രേഖകൾ കൈവശമുള്ള കോളനിവാസികൾ അനധികൃത താമസക്കാരെന്ന് കാണിച്ച് കുടിയൊഴിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ശ്രീജിത്ത് കുരുവട്ടൂർ, പി. സിദ്ധാർത്ഥൻ, നിധീഷ് മൂഴിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.