sunday-markat

കോഴിക്കോട്: സാധാരണക്കാരന് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഇടങ്ങളായിരുന്നു സൺഡേ മാർക്കറ്റുകൾ. കൊവിഡിൽ അടഞ്ഞുപോയെങ്കിലും ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട്ടെ സൺഡേ മാർക്കറ്റുകൾ വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. മുഖത്തൊരു മാസ്കുണ്ടെന്നത് ഒഴിച്ചാൽ മിഠായിത്തെരുവ് , തെരുവിലേക്ക് തുറക്കുന്ന നാല് പാതകൾ , മേലേ പാളയം , പാളയം സബ് വേ , മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം സൺഡേ മാർക്കറ്റുകൾ സജീവമായി. മാസത്തിൽ നാല് ഞായറാഴ്ചകളിൽ അടഞ്ഞു കിടക്കുന്ന കടകളുടെ മുന്നിൽ നിരയായി സാധനങ്ങളുമായി കച്ചവടക്കാരാണ്. തുണികൾ, ആന്റിക്കുകൾ, ചെരുപ്പ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി വിലക്കുറവിൽ കിട്ടാത്തതായി ഒന്നുമില്ല. രണ്ടു മാസം മുമ്പാണ് ലോക്ക്ഡൗണിൽ കുടുങ്ങി പോയ സൺഡേ മാർക്കറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. സൺഡേ മാർക്കറ്റിലെ വരുമാനം ആശ്രയിച്ചു ജീവിച്ച നിരവധിപേരുടെ കുടുംബങ്ങൾ അക്കാലമത്രയും ദുരിതത്തിലായിരുന്നു. കൊവിഡ് വ്യാപനത്തിന് ഇടയിലും രണ്ടും കല്പിച്ച് തുറന്നതാണെങ്കിലും ആളുകൾ വന്നുതുടങ്ങിയതേയുള്ളൂ. പ്രതിദിനം 2000 രൂപ വരെ കിട്ടിയിരുന്നവർക്ക് ആയിരത്തിൽ താഴെയാണ് ഇപ്പോഴത്തെ വരുമാനം. അതെസമയം കൊവിഡ് നിയന്ത്രണം ലംഘിച്ചുള്ള ആളുകളുടെ വരവിൽ നേരിയ ആശങ്ക കച്ചവടക്കാർക്കുണ്ട്.

" ഉപ്പയായിരുന്നു മുമ്പ് ഇവിടെ കച്ചവടം നടത്തിയിരുന്നത് പിന്നെ ചേട്ടനായി. രണ്ടു വർഷമായി ഞാനാണ് നോക്കി നടത്തുന്നത്. കൊവിഡ് സമയത്ത് ശരിക്കും ബുദ്ധിമുട്ടി. എല്ലാം ശരിയായി വരുന്നു. "

അൻഷാദ്, മേലെ പാളയം