കോഴിക്കോട്: കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള സോളാർ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് എം.കെ രാഘവൻ എം.പി. നാലരവർഷമായിട്ടും മുഴുവൻ അന്വേഷണ ഏജൻസികളും കൈയിലുള്ള എൽ.ഡി.എഫ് സർക്കാരിന് സോളാർ കേസിൽ ഒരടി മുന്നോട്ട് പോകാൻ സാധിച്ചില്ല. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് തെളിവില്ലെന്നും കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയതാണ്. അടിക്കടി മൊഴിമാറ്റുന്ന പരാതിക്കാരിയുടെ വിശ്വാസ്യതയെ കോടതി ചോദ്യം ചെയ്തിട്ട് പോലും സർക്കാർ അവർ പുതുതായി നൽകിയ പരാതി വേദവാക്യമായി സ്വീകരിച്ചിരിക്കുകയാണ്. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ നിയമനടപടിക്ക് പോകില്ലെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാഷ്ട്രീയ സംശുദ്ധത ഉയർത്തിപ്പിടിച്ചു. വാളയാർ, പാലത്തായി പീഡന കേസുകളിൽ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുപോലും കേസുകൾ സി.ബി.ഐക്ക് വിടാൻ സർക്കാരിന് വിമുഖതയായിരുന്നു. പെരിയ കേസ് ഉൾപ്പെടെ രാഷ്ട്രീയ കൊലപാതക കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നത് തടയാൻ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചത് കോടികളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ സോളാർ കേസ് സി.ബി.ഐക്ക് വിട്ട നടപടി ജനങ്ങൾ വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ വിലയിരുത്തുമെന്നും എം.പി വ്യക്തമാക്കി.